പത്മന സ്വദേശി വേണുവിന്റെ മരണം: ചികിത്സപ്പിഴവ് സമ്മതിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലെന്ന് ഭാര്യ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കൊല്ലം പത്മന സ്വദേശി വേണു മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് സമ്മതിച്ചിട്ടും ആരോഗ്യവകുപ്പ് ആര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഭാര്യ സിന്ധു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന്റെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ജോലി നല്‍കണമെന്നുമാണ് സിന്ധുവിന്റെ ആവശ്യം. വേണു മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെന്നും സര്‍ക്കാര്‍ കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും സിന്ധു പറഞ്ഞു.
2025 നവംബര്‍ ഒന്നിനാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്ലം പന്മന സ്വദേശിയായ വേണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ നവംബര്‍ അഞ്ചിന് അദ്ദേഹം മരിച്ചു.
തനിക്ക് വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്ന് പറഞ്ഞ് വേണു തന്റെ സുഹൃത്തിന് അയച്ച ശബ്ദസന്ദേശം മരണശേഷം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
സംഭവത്തില്‍ വേണുവിനെ ആദ്യം ചികിത്സിച്ച സി.എച്ച്.സി, കൊല്ലം ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ വീഴ്ച സംഭവിച്ചതായി ഡി.എം.ഇ നിയോഗിച്ച നാലംഗ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.
ആരോഗ്യവകുപ്പും വീഴ്ച സമ്മതിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. എന്നാല്‍ യഥാര്‍ഥ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മക്കളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ജോലി വേണമെന്നുമുള്ള കുടുംബത്തിന്റെ ആവശ്യം ഇതുവരെ നടപ്പായിട്ടില്ലെന്നാണ് സിന്ധു ആരോപിക്കുന്നത്.