മൂന്നാറിൽ വീടിനുള്ളിൽ കയറി ‘പടയപ്പ’; ഉറങ്ങിക്കിടന്ന ഗൃഹനാഥന്റെ പുതപ്പ് വലിച്ചെടുത്തു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 
Padayappa

മൂന്നാർ ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിൽ പുലർച്ചെ വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന കാട്ടാന ‘പടയപ്പ’, ഉറങ്ങിക്കിടന്ന ഗൃഹനാഥൻ സൂട്ടുസ്വാമിയുടെ കട്ടിൽ വലിച്ചുനീക്കുകയും പുതപ്പ് തട്ടിയെടുക്കുകയും ചെയ്തു. ബുധനാഴ്ച (നവംബർ 18) പുലർച്ചെ നാലോടെയുണ്ടായ ആക്രമണത്തിൽ, മെഷീന് പിന്നിൽ ഒളിച്ച സൂട്ടുസ്വാമിയും ഭാര്യ ജയപാർവതിയുമടക്കം വീട്ടിലുണ്ടായിരുന്ന മൂന്ന് പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

വീടിന്റെ മേൽക്കൂരയും വാതിലും വീട്ടുപകരണങ്ങളും തകർത്ത ആന, സമീപത്തെ പച്ചക്കറിക്കൃഷിയും നശിപ്പിച്ച ശേഷം അഞ്ചേമുക്കാലോടെയാണ് മടങ്ങിയത്. വഴിയിൽ തടിലോറി കുടുങ്ങിയതിനാൽ വനംവകുപ്പിന്റെ ദ്രുതപ്രതികരണസേന സ്ഥലത്തെത്താൻ വൈകിയതായി പ്രദേശവാസികൾ ആരോപിച്ചു.

ജനവാസമേഖലകളിൽ വീടിനുള്ളിൽ വരെ കാട്ടാന എത്തുന്ന സാഹചര്യം പ്രദേശവാസികളിൽ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags

Share this story

From Around the Web