പി രാജീവ് വലിയ ബുദ്ധിജീവി, ഞാന്‍ വെറും സാധാരണ നാട്ടിന്‍പുറത്തുകാരന്‍, ബോഡി ലാംഗേജില്‍ മറുപടിയുമായി മുഖ്യമന്ത്രി

 
333444

തിരുവനന്തപുരം: തന്റെ ബോഡി ലാംഗേജിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശന്‍. 'സിപിഎം നേതാവ് പി രാജീവ് എന്റെ ശരീരഭാഷയെക്കുറിച്ച് പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അദ്ദേഹം വലിയ ബുദ്ധിജീവിയാണ്, വലിയ പ്രഭാഷകനാണ്, ചിന്തകനാണ്, എഴുത്തുകാരനാണ്. എന്നാല്‍ ഞാന്‍ അതൊന്നുമല്ല, ഞാന്‍ വെറുമൊരു സാധാരണ നാട്ടിന്‍പുറത്തുകാരനാണ്'. മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.

'തമാശ കേള്‍ക്കുമ്പോള്‍ ചിരിക്കുകയും, സങ്കടം വരുമ്പോള്‍ പൊട്ടിക്കരയുകയും, ദേഷ്യം വരുമ്പോള്‍ പൊട്ടിത്തെറിക്കുകയും ഒക്കെ ചെയ്യുന്ന വെറുമൊരു സാധാരണക്കാരനാണ്. എന്റെ ബോഡി ലാംഗേജ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു കാണില്ല. അദ്ദേഹത്തിന്റെ ശൈലിയല്ല എന്റെ ശൈലി'. മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ എണ്ണം കൂട്ടിയെന്നാണ് പി രാജീവ് ആരോപിച്ചത്. എന്നാല്‍ 2017 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ 5 സ്‌പെഷന്‍ സര്‍ക്കാര്‍ പ്ലീഡര്‍മാരെയും 5 പ്ലീഡര്‍മാരെയും നിയമിച്ചു. അന്ന് എകെ ബാലനാണ് നിയമമന്ത്രി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പി രാജീവ് നിയമമന്ത്രിയായിരിക്കെ, മൂന്ന് സ്‌പെഷല്‍ ജിപി മാരെയും മൂന്ന് ജിപിമാരെയും നിയമിച്ചിട്ടുണ്ട്. പിണറായി സര്‍ക്കാരിന്റെ കാലത്ത് ആകെ 16 പേരെ നിയമിച്ചിട്ടുണ്ട്. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാരിനെ പരിഹസിക്കുന്നവരോട് എന്തു പറയാനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

മറ്റു ഹൈക്കോടതികളെ അപേക്ഷിച്ച് ഹൈക്കോടതിയില്‍ പരാതികളുടെ എണ്ണം വളരെയേറെ വര്‍ധിക്കുകയാണ്. ഏതാണ്ട് 37,000 ഓളം പരാതികളുണ്ട്. അതു മാനേജ് ചെയ്യാന്‍ പറ്റാതായതോടെയാണ്, സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം 23 ആയി കൂട്ടണമെന്ന് നിര്‍ദേശം ലഭിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അതു 12 പേരായി ചുരുക്കി. അഡ്വക്കേറ്റ് ജനറല്‍, ഡിജിപി എന്നിവരോടെല്ലാം ചര്‍ച്ച ചെയ്താണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഒരു മാനദണ്ഡവുമില്ലാതെ പ്ലീഡര്‍മാരെ നിയമിച്ചവരാണ് ഇപ്പോള്‍ സര്‍ക്കാരിനെതിരെ രംഗത്തു വരുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Tags

Share this story

From Around the Web