ബെംഗളൂരുവിലെ സ്‌കൂളില്‍ 500-ലേറെ കുട്ടികള്‍ രോഗബാധിതര്‍, രണ്ടുപേര്‍ക്ക് എച്ച്1 എന്‍വണ്‍; സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചു
ബെംഗളൂരുവിലെ സ്‌കൂളില്‍ അഞ്ഞൂറിലേറെ കുട്ടികള്‍ ഇന്‍ഫ്‌ലുവന്‍സ ലക്ഷണങ്ങളോടെ ചികിത്സയില്‍. റിച്ചാര്‍ഡ്‌സ് ടൗണിലുള്ള ക്ലാരന്‍സ് ഹൈസ്‌കൂളിലാണ് പനിയോടുകൂടിയ ലക്ഷണങ്ങളുമായി 500-ലധികം വിദ്യാര്‍ഥികള്‍ ചികിത്സയില്‍ കഴിയുന്നത്.
എച്ച്1എന്‍1 ആണോയെന്നും സംശയിക്കുന്നുണ്ട്. രണ്ടുകുട്ടികള്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു.
21 ജീവനക്കാരും ചികിത്സയിലുള്ളതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പനി, ചുമ, ജലദോഷം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗബാധിതര്‍ ചികിത്സ തേടിയത്. രോഗവ്യാപനത്തിനു പിന്നാലെ സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
രണ്ടുകുട്ടികള്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചെങ്കിലും എല്ലാ കുട്ടികള്‍ക്കും എച്ച്1എന്‍1 ആകണമെന്നില്ലെന്നും മറ്റ് ഇന്‍ഫ്‌ലുവന്‍സ വകഭേദങ്ങളാകാമെന്നും അധികൃതര്‍ പറയുന്നുണ്ട്.
അതിനിടെ ഡല്‍ഹിയില്‍ എച്ച്1 എന്‍1 കേസുകളില്‍ വന്‍വര്‍ധനവുള്ളതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആറുമടങ്ങ് വര്‍ധനയാണുള്ളത്. . ഈ വര്‍ഷം ഇതുവരെ 1,449 എച്ച്1എന്‍1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷം ഈ സമയം എച്ച്1എന്‍1 കേസുകള്‍ 229 ആയിരുന്നു.