നമ്മുടെ ആളുകള്‍ മരിക്കുകയാണ്; ലെയോ പാപ്പയ്ക്കു മുന്നില്‍ അവസ്ഥ അറിയിച്ച് നൈജീരിയന്‍ മെത്രാന്മാര്‍

 
LEO PAPA 123



വത്തിക്കാന്‍ സിറ്റി: നൈജീരിയയില്‍ വര്‍ദ്ധിച്ചുവരുന്ന മതപരമായ അക്രമങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും ഇടയില്‍ നൈജീരിയന്‍ ബിഷപ്പുമാര്‍ ലെയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ആഗോള കത്തോലിക്ക സഭയിലെ എല്ലാ മെത്രാന്മാരും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തേണ്ട വത്തിക്കാനിലേക്കു നടത്തേണ്ടഅഡ് ലിമ്‌ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നൈജീരിയന്‍ മെത്രാന്മാര്‍ വത്തിക്കാനിലെത്തിയത്.

തങ്ങളുടെ ജനങ്ങളുടെ നിലവിളി പാപ്പയ്ക്കു മുന്നില്‍ അവതരിപ്പിക്കാനും നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്ന സാഹചര്യത്തെക്കുറിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നുള്ള തെറ്റായ വിവരണങ്ങളെ ചെറുക്കാനുമുള്ള അവസരമായാണ് നൈജീരിയന്‍ ബിഷപ്പുമാര്‍ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. തങ്ങളുടെ സന്ദര്‍ശനം ലെയോ പാപ്പയുമായുള്ള പുത്രബന്ധത്തിന്റെ പ്രകടനമാണെന്നും, തങ്ങളുടെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ വിശ്വാസം പാപ്പയ്ക്കു മുന്നില്‍ സ്ഥിരീകരിക്കാനുള്ള അവസരമാണെന്നും നൈജീരിയന്‍ ബിഷപ്പുമാര്‍ പറഞ്ഞു.


നൈജീരിയയിലെ ക്രിസ്ത്യാനികളുടെ ദുരവസ്ഥ ആശങ്കാജനകമാണെന്ന് കര്‍ദ്ദിനാള്‍ പീറ്റര്‍ ഒക്പലെകെ തറപ്പിച്ചു പറഞ്ഞു. പീഡനം എന്ന് ആളുകള്‍ മനസ്സിലാക്കുന്നതിനെ ആശ്രയിച്ച് നിരവധി വ്യാഖ്യാനങ്ങളുണ്ട്. ആളുകള്‍ ഏത് പദാവലി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു എന്നത് ഞങ്ങളുടെ ആശങ്കയല്ല. പക്ഷേ, നിരവധി ആളുകള്‍ മരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെഡറല്‍ ഭരണഘടനയില്‍ നൈജീരിയന്‍ ക്രൈസ്തവര്‍ വിവേചനം നേരിടുന്നുവെന്ന് ഒവേരിയിലെ ആര്‍ച്ച് ബിഷപ്പ് ലൂസിയസ് ഇവെജുരു ഉഗോര്‍ജിയും ചൂണ്ടിക്കാട്ടി.

ഭരണഘടന പരിശോധിക്കുമ്പോള്‍, അത് ഇസ്ലാമിന് അനുകൂലമായി ഒരു വശത്തേക്ക് മാറിയിരിക്കുന്നത് കാണാന്‍ കഴിയും. ക്രിസ്ത്യാനികള്‍ പലപ്പോഴും ഒഴിവാക്കപ്പെടുന്നു. ഫുലാനി തീവ്രവാദികള്‍ നിരവധി സമൂഹങ്ങളെ പിഴുതെറിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ കഴിവില്ലായ്മയോ നടപടിയെടുക്കാന്‍ തയ്യാറാകാത്തതോ കാരണം ഈ ഗ്രൂപ്പുകള്‍ ധൈര്യപ്പെടുകയാണെന്നും ആര്‍ച്ച് ബിഷപ്പ് ലൂസിയസ് കൂട്ടിച്ചേര്‍ത്തു. ലോകത്തെ ആകെ നടക്കുന്ന ക്രിസ്ത്യന്‍ കൊലപാതകങ്ങളുടെ 72%വും നൈജീരിയയിലാണെന്നാണ് ഓപ്പണ്‍ ഡോര്‍സിന്റെ 2026-ലെ വേള്‍ഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Tags

Share this story

From Around the Web