മരിച്ചവരുമായിട്ടുള്ള ബന്ധം അറ്റുപോയിട്ടില്ലെന്ന് നമ്മുടെ വിശ്വാസം തെളിയിക്കുന്നു: ലെയോ പാപ്പ 

 
leo papa

സകല മരിച്ച വിശ്വാസികളുടെയും ഓര്‍മ്മയാചരിക്കുന്ന നവംബര്‍ രണ്ടാം തീയതി റോമിലെ വെറാനോ സെമിത്തേരിയില്‍ ലെയോ പതിനാലാമന്‍ പാപ്പ പ്രത്യേക ദിവ്യബലി അര്‍പ്പിച്ചു.

 വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ എഴുപതുകളുടെ ഒടുവില്‍ തുടക്കം കുറിച്ച പാരമ്പര്യം പിന്തുടര്‍ന്നാണ് ലെയോ മാര്‍പാപ്പ വത്തിക്കാന് വെളിയിലുള്ള ഒരു സെമിത്തേരി സന്ദര്‍ശിക്കുകയും ദിവ്യബലി അര്‍പ്പിച്ച് മരിച്ചവര്‍ക്കെല്ലാം വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തത്.

''പ്രാര്‍ത്ഥനയുടെയും സ്മരണയുടെയും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ഈ സ്ഥലത്ത് ദിവ്യബലി അര്‍പ്പിക്കാനാണ് നാം ഒന്നിച്ചുകൂടിയിരിക്കുന്നത്. 

മരിച്ചുപോയ വിശ്വാസികളുടെ, പ്രത്യേകിച്ച് ഇവിടെ വിശ്രമിക്കുന്നവരുടെയും നമ്മള്‍ ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നവരുടെയും ആത്മശാന്തിക്കായി നാം ഇത് കാഴ്ചവെക്കുന്നു,''- പാപ്പ വിശുദ്ധ കുര്‍ബാന മധ്യേ പറഞ്ഞു.

തിബുര്‍ത്തിനോ  ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വെറാനോ സെമിത്തേരി, നെപ്പോളിയന്റെ ഭരണകാലത്ത് 19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ഇറ്റലിയിലെ രണ്ടാമത്തെ ഏറ്റവും വലിയ സിവില്‍ സെമിത്തേരിയും റോമിലെ ഏറ്റവും വലിയ സെമിത്തേരിയുമാണിത്. 


കത്തോലിക്കരല്ലാത്തവര്‍ക്കായുള്ള പ്രത്യേക ഭാഗം കൂടി ഉള്‍പ്പെടുന്ന ഈ സമുച്ചയത്തിന്, 1943-ലെ സഖ്യകക്ഷികളുടെ റോം ബോംബാക്രമണത്തില്‍ കടുത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് 1949-ലാണ് ഇത് പുനര്‍നിര്‍മ്മിച്ചത്.

സെമിത്തേരിയില്‍ എത്തിയ ഉടന്‍ തന്നെ ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ, 'അന്റോണിയ കൊക്കിയ നികോളിനി' എന്ന് പേരെഴുതിയ ഒരു ഇറ്റാലിയന്‍ കുടുംബത്തിന്റെ മാര്‍ബിള്‍ കല്ലറയില്‍ വെള്ളയും മഞ്ഞയും റോസാപ്പൂക്കളുടെ ഒരു ബൊക്കെ സമര്‍പ്പിച്ചു.

 അവിടെയുണ്ടായിരുന്ന കല്ലറകളില്‍ നിന്ന് യാദൃച്ഛികമായി തിരഞ്ഞെടുത്തതായിരുന്നു ഇത്. സകല വിശുദ്ധരുടെയും തിരുനാളിന്റെ അടുത്ത ദിവസം ആചരിക്കുന്ന, മരിച്ചുപോയ വിശ്വാസികളുടെ സ്മരണ സഭയുടെ പ്രാര്‍ത്ഥനകള്‍ക്ക് വഴികാട്ടിയാകുന്നുവെന്ന് ദിവ്യബലിമധ്യേ നല്‍കിയ സന്ദേശത്തില്‍ മാര്‍പ്പാപ്പ വിശദീകരിച്ചു.

Tags

Share this story

From Around the Web