ഓശാന : വിജയഘോഷങ്ങൾക്കപ്പുറം ഉയിർപ്പിന്റെ നിശബ്ദ സാക്ഷ്യം
സമാധാനത്തിന്റെ രാജകുമാരൻ
കഴുതക്കുട്ടിയുടെ പുറത്ത് ജെറുസലേമിലേക്ക് എഴുന്നള്ളിയതിന്റെ ഓർമ്മ പുതുക്കി വീണ്ടുമൊരു ഓശാന ഞായർ കൂടി വന്നെത്തുന്നു.
വലിയ നോയമ്പിലെ ഏറ്റവും ഭക്തിസാന്ദ്രമായ 'വലിയ ആഴ്ച'യ്ക്ക് (Holy Week) ഈ ദിനത്തിലൂടെ തുടക്കമാവുകയാണ്.
വിനയത്തിന്റെ രാജകുമാരൻ
ലോകം കണ്ടിട്ടുള്ള രാജാക്കന്മാരെല്ലാം കുതിരപ്പുറത്തും തേരിലുമായി സൈന്യത്തിന്റെ അകമ്പടിയോടെ അധികാരം പ്രകടിപ്പിച്ചപ്പോൾ, യേശു തിരഞ്ഞെടുത്തത് സമാധാനത്തിന്റെ പ്രതീകമായ ഒരു കഴുതക്കുട്ടിയെയായിരുന്നു.
ഭൗതികമായ അധികാരത്തേക്കാൾ ഉപരിയായി, സ്നേഹത്തിലൂടെയും വിനയത്തിലൂടെയും മനുഷ്യഹൃദയങ്ങൾ കീഴടക്കാം എന്ന വലിയ പാഠമാണ് ഓശാന നൽകുന്നത്.
'ഓശാന' എന്ന പ്രാർത്ഥനയും ജനക്കൂട്ടത്തിന്റെ പ്രതീക്ഷയും
"ദാവീദിന്റെ പുത്രന് ഓശാന!" എന്ന ആർപ്പുവിളികൾക്കിടയിൽ ജനക്കൂട്ടം സ്വപ്നം കണ്ടത് ഒരു രാഷ്ട്രീയ വിമോചകനെയായിരുന്നു. എന്നാൽ യേശു വിഭാവനം ചെയ്തത് പാപത്തിൽ നിന്നും മരണത്തിൽ നിന്നുമുള്ള ആത്മീയ വിമോചനമായിരുന്നു.
അന്ന് കൈകളിൽ കുരുത്തോലയേന്തി ഓശാന പാടിയ അതേ ജനക്കൂട്ടം തന്നെ ദിവസങ്ങൾക്കുള്ളിൽ 'അവനെ ക്രൂശിക്കുക' എന്ന് ആർത്തലച്ചു.
ഇത് മനുഷ്യസഹജമായ ചഞ്ചലതയുടെയും ലോകത്തിന്റെ സ്വാർത്ഥതയുടെയും നേർചിത്രമാണ്.
പീഡനാനുഭവത്തിനപ്പുറം ഉയിർപ്പിന്റെ പ്രത്യാശ
ഓശാനയുടെ ആഘോഷം അവസാനിക്കേണ്ടത് ദുഃഖവെള്ളിയുടെ തകർച്ചയിലല്ല, മറിച്ച് ഉയിർപ്പിന്റെ പ്രകാശത്തിലാണ്.
പലപ്പോഴും നമ്മുടെ ആചാരങ്ങൾ പീഡാനുഭവങ്ങൾക്കും കുരിശിന്റെ വഴിക്കും അമിത പ്രാധാന്യം നൽകാറുണ്ട്.
ദുഃഖവെള്ളിയാഴ്ചയിലെ അനുസ്മരണങ്ങൾ പ്രസക്തമാണെങ്കിലും, ഉച്ചകഴിഞ്ഞ് പ്ലാസ്റ്റർ ഓഫ് പാരിസ് രൂപങ്ങളുമായി നടത്തുന്ന വിലാപയാത്രകളുടെ പൊരുൾ ചിന്തിക്കേണ്ടതുണ്ട്.
മരണത്തെ അതിജീവിച്ച ക്രിസ്തുവിനെയാണോ അതോ മൃതശരീരത്തെയാണോ നാം ലോകത്തിന് മുൻപിൽ പ്രദർശിപ്പിക്കേണ്ടത്?
ജീവിക്കുന്ന സുവിശേഷം
മരണത്തെ തോൽപ്പിച്ച ക്രിസ്തുനാഥനെക്കുറിച്ചുള്ള 'സുവിശേഷമാണ്' നാം ലോകത്തോട് വിളിച്ചു പറയേണ്ടത്.
അന്ന് ഓശാന പാടിയ ജനക്കൂട്ടം ഉയിർപ്പിന്റെ വേളയിൽ ഒരുമിച്ചുകൂടിയില്ല. കാരണം, അവർക്ക് വേണ്ടത് തെരുവിലെ ആഘോഷങ്ങളും കാഴ്ചകളുമായിരുന്നു.
ഇന്നും നാം തെരുവിലെ ആൾക്കൂട്ടത്തെയും പ്രകടനങ്ങളെയും ഇഷ്ടപ്പെടുന്നുവോ?
ആചാരങ്ങളുടെ ബാഹ്യമായ പൊലിമയിൽ നാം സംതൃപ്തി കണ്ടെത്തുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്.
യഥാർത്ഥ സന്തോഷം കുരിശിലല്ല, മറിച്ച് ശൂന്യമായ കല്ലറയിലാണ്. പീഡനാനുഭവങ്ങളുടെ വേദനയിൽ തളർന്നുനിൽക്കാതെ, പ്രത്യാശയുടെ ഉയിർപ്പിലേക്ക് വിരൽചൂണ്ടുന്നതാകണം ഓരോ ഓശാനയും.
ആഘോഷങ്ങൾക്കപ്പുറം ക്രിസ്തുവിന്റെ ജീവിക്കുന്ന സാന്നിധ്യമായി മാറാൻ നമുക്ക് കഴിയണം.അതിനുവേണ്ടി ഈ ദിവസങ്ങളിൽ ആത്മാർത്ഥമായി പ്രാർത്ഥിക്കാം.
സാബു ജോസ്, എറണാകുളം 9446329343