വ്യാജരേഖ ചമച്ച് അവയവക്കടത്ത്; സുപ്രധാന രേഖകള്‍ പിടിച്ചെടുത്ത് ഇഡി
കൊച്ചി: വ്യാജരേഖകള്‍ ചമച്ച് നടത്തിയ സംസ്ഥാനത്തെ വന്‍കിട അവയവക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
കൊച്ചിയിലെയും തിരുവനന്തപുരത്തെയും പ്രമുഖ ആശുപത്രികള്‍ ഉള്‍പ്പെടെ ഒമ്പതിടങ്ങളില്‍ ഇഡി നടത്തിയ മിന്നല്‍ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു.
അവയവക്കടത്തുമായി ബന്ധപ്പെട്ട് നടന്ന വന്‍തോതിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.
കേസിലെ പ്രധാന പ്രതിയായ നജീബ്, ഇയാളുടെ ഭാര്യ റഷീദ എന്നിവര്‍ക്ക് പുറമെ തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
അവയവക്കടത്തിലൂടെ സമ്പാദിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം എവിടേക്കാണ് മാറ്റിയതെന്നും, ഏതൊക്കെ മേഖലകളില്‍ ഇവ നിക്ഷേപിച്ചിട്ടുണ്ടെന്നും കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് അന്വേഷണ ഏജന്‍സി. സാമ്പത്തിക ശൃംഖല പൂര്‍ണമായും വിച്ഛേദിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പരിശോധന നടന്ന ആശുപത്രികളില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളുടെ വിവരങ്ങളും, ഇവര്‍ അനുമതിക്കായി അപ്പിലിയേറ്റ് അതോറിറ്റിക്ക് മുന്നില്‍ സമര്‍പ്പിച്ച രേഖകളുമാണ് ഇഡി പ്രധാനമായും കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അവയവദാനത്തിന് നിയമപരമായ പരിരക്ഷ നേടിയെടുക്കാന്‍ ആശുപത്രികള്‍ വഴി സമര്‍പ്പിച്ച പല രേഖകളും വ്യാജമാണെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളിലെ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.
അവയവക്കടത്തിന് പിന്നിലെ വന്‍ വ്യാജരേഖാ ശൃംഖലയെക്കുറിച്ച് ആദ്യം വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് കേരള പൊലീസാണ്.
ജനപ്രതിനിധികളുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും വരെ ലെറ്റര്‍ ഹെഡുകള്‍ കൃത്രിമമായി ഉണ്ടാക്കിയാണ് പ്രതികള്‍ അവയവമാറ്റത്തിനുള്ള അനുമതികള്‍ തരപ്പെടുത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഈ അന്വേഷണത്തിന് പിന്നാലെയാണ് ഇതിലുള്‍പ്പെട്ട കള്ളപ്പണ ഇടപാടുകളുടെ വേരുകള്‍ തേടി ഇഡി രംഗത്തെത്തിയത്.
കേസിന്റെ അന്വേഷണം നിലവില്‍ സുപ്രധാനമായ ഒരു ഘട്ടം പിന്നിട്ടിരിക്കുകയാണെന്നും, പിടിച്ചെടുത്ത രേഖകള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ഉന്നതങ്ങളിലേക്ക് അന്വേഷണം എത്തിക്കാന്‍ സഹായിക്കുമെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.