ട്രംപ് ഇന്ത്യക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ യുഎസ് കമ്പനികള്‍ നിര്‍ത്തി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ യുഎസ് കമ്പനികള്‍ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. വാള്‍മാര്‍ട്ട്, ആമസോണ്‍, ടാര്‍ഗെറ്റ്, ഗ്യാപ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ യുഎസ് റീട്ടെയിലര്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നിര്‍ത്തി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഈ കമ്പനികള്‍ ഇന്ത്യന്‍ ഉല്‍പാദകര്‍ക്ക് കത്തുകളും ഇമെയിലുകളും അയച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് കമ്പനികള്‍ നികുതി ഭാരം പങ്കിടാന്‍ തയ്യാറല്ലെന്നും, കയറ്റുമതിക്കാര്‍ തന്നെ ചെലവ് വഹിക്കണമെന്നുമാണ് അവരുടെ നിലപാട്. ഉയര്‍ന്ന താരിഫ് കാരണം ഉല്‍പ്പന്നങ്ങളുടെ വില 30% മുതല്‍ 35% വരെ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് യുഎസിലേക്കുള്ള ഓര്‍ഡറുകളില്‍ 40% മുതല്‍ 50% വരെ കുറവുണ്ടാക്കുമെന്നും, 4-5 ബില്യണ്‍ ഡോളറിന്റെ നഷ്ടത്തിന് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.
വെല്‍സ്പണ്‍ ലിവിങ്, ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ്, ഇന്‍ഡോ കൗണ്ട്, ട്രൈഡന്റ് തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ കയറ്റുമതിക്കാരാണ് യുഎസിലെ വില്‍പ്പനയുടെ 40% മുതല്‍ 70% വരെ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയുടെ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് അമേരിക്ക.