ഓണ്‍ലൈനില്‍ ആന്‍ഡ്രോയിഡ് ഉപകരണം ഓര്‍ഡര്‍ ചെയ്തു; പാഴ്സല്‍ തുറന്നപ്പോള്‍ കിട്ടിയത് ചാണകം; സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
 

 
online product


 
ഗ്രേറ്റര്‍ നോയിഡ: ഓണ്‍ലൈനായി ആന്‍ഡ്രോയിഡ് ഉപകരണം ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ചാണകം. ഗ്രേറ്റര്‍ നോയിഡയിലെ ദന്‍കൗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായതായി പരാതി.

ദന്‍കൗര്‍ സ്വദേശിയായ ആകാശ് നഗറാണ് പരാതിക്കാരന്‍. ജോലിക്കായി ആവശ്യമായ ആന്‍ഡ്രോയിഡ് ഉപകരണം ഒരു ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴി ഏതാനും ദിവസം മുമ്പ് ഇയാള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. 1,999 രൂപ വിലയുള്ള ഉപകരണത്തിനുള്ള മുഴുവന്‍ തുകയും ഓണ്‍ലൈനായി അടയ്ക്കുകയും ചെയ്തു.

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കൊറിയര്‍ വഴി പാഴ്സല്‍ വീട്ടിലെത്തി. പാഴ്സല്‍ തുറന്നപ്പോഴാണ് ആകാശ് ഞെട്ടിയത്. ഓര്‍ഡര്‍ ചെയ്ത ആന്‍ഡ്രോയിഡ് ഉപകരണത്തിന് പകരം പാഴ്സലിനുള്ളില്‍ നിറച്ചിരുന്നത് ചാണകമായിരുന്നു.

താന്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ ആകാശ് ഉടന്‍ സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഓര്‍ഡര്‍ ചെയ്ത വെബ്സൈറ്റിന്റെ വിശ്വാസ്യത, പണമിടപാടിന്റെ വിശദാംശങ്ങള്‍, കൊറിയര്‍ വിതരണ ശൃംഖല എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്ഥിരീകരിക്കാത്ത വെബ്സൈറ്റുകളിലും മൂന്നാംകക്ഷി വില്‍പ്പനക്കാരിലും നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കണം. പണം നല്‍കുന്നതിന് മുമ്പ് വെബ്സൈറ്റിന്റെ വിശ്വാസ്യതയും വില്‍പ്പനക്കാരന്റെ വിവരങ്ങളും പേയ്മെന്റ് സുരക്ഷയും പരിശോധിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Tags

Share this story

From Around the Web