ഓര്‍ഡര്‍ചെയ്തത് പുതിയ ഷര്‍ട്ട്; കിട്ടിയത് പഴയത്, 15,159 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി,

 
court



കോട്ടയ്ക്കല്‍: പുതിയ ഷര്‍ട്ടിന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തയാള്‍ക്കു കിട്ടിയത് പഴയ ഷര്‍ട്ട്. ടാഗ് ഇല്ലെന്ന കാരണത്താല്‍ ഇത് മടക്കാനും കഴിയാതായതോടെ ഉപഭോക്താവ് ഉപഭോക്തൃകോടതിയെ സമീപിച്ചു. വിലയും നഷ്ടപരിഹാരവുമുള്‍പ്പെടെ 15,159 രൂപ 45 ദിവസത്തിനുള്ളില്‍ നല്‍കാന്‍ കോടതി വിധിച്ചു. ഷര്‍ട്ടിന്റെ വിലയായി 2159 രൂപ, നഷ്ടപരിഹാരമായി 10,000 രൂപ, കേസ് ചെലവ് 3000 രൂപ എന്നിങ്ങനെയാണ് 15,159 രൂപ നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടത്.

കുണ്ടൂര്‍ നന്നമ്പ്രയിലെ അഡ്വ. പി.പി. മുനീര്‍ ആണ് ഷര്‍ട്ടിന് ഓര്‍ഡര്‍ചെയ്ത് കബളിപ്പിക്കപ്പെട്ടത്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് കോഴിക്കോട്ടെ മാളില്‍ പോയ സമയത്ത് വാന്‍ഹ്യൂസന്‍ ഷോറൂമില്‍ കയറി ഇഷ്ടപ്പെട്ട ഡിസൈനിലുള്ള ഒരു ഷര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍ ആ മോഡല്‍ അവിടെയില്ലെന്നുപറഞ്ഞ് അവിടെയുള്ള സെയില്‍സ്മാന്‍ വാന്‍ഹ്യൂസന്‍ കമ്പനിയുടെ ആപ്പ് ഡൗണ്‍ലോഡുചെയ്ത് ഷര്‍ട്ട് ബുക്ക്‌ചെയ്തു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ആ ഓര്‍ഡര്‍ കാന്‍സലായി പണം തിരിച്ചുകിട്ടി.

കാന്‍സല്‍ ചെയ്തതിനു കാരണമൊന്നും പറയാതെയിരുന്നതിനാല്‍ മുനീര്‍ രണ്ടാമതും അതേ ഷര്‍ട്ടിന് ഓര്‍ഡര്‍ചെയ്തു. നാലുദിവസം കഴിഞ്ഞ് സാധനം വന്നപ്പോള്‍ പഴയ അലക്കാത്ത ഷര്‍ട്ടായിരുന്നു കവറിനുള്ളില്‍. പിന്നീട് ഓണ്‍ലൈന്‍ വഴി മടക്കാന്‍ ശ്രമിച്ചെങ്കിലും ഷര്‍ട്ടില്‍ ടാഗില്ലാത്തതിനാല്‍ അതു സാധ്യമല്ലെന്നാണു പറഞ്ഞത്. 

അങ്ങനെയാണ് മഞ്ചേരി കോടതിയില്‍ അഭിഭാഷകനായ മുനീര്‍ ഉപഭോക്തൃകോടതിയെ സമീപിക്കുന്നത്. അഡ്വ. മുഹമ്മദ് സല്‍മാന്‍ സഖാഫിയാണ് മുനീറിനുവേണ്ടി കോടതിയില്‍ ഹാജരായത്.

Tags

Share this story

From Around the Web