ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത,ഒഴുക്കില്‍പ്പെട്ടും മണ്ണിടിഞ്ഞും ആറുപേര്‍ മരിച്ചു.നാലുപേരെ കാണാതായി
കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം മഴയെത്തിയപ്പോള്‍ വ്യാപക നാശനഷ്ടങ്ങള്‍. ഒഴുക്കില്‍പ്പെട്ടും മണ്ണിടിഞ്ഞും ആറുപേര്‍ മരിച്ചു. നാലുപേരെ കാണാതായി. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അപകടമുണ്ടായത്.
ഇതിനിടെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം (ഓറഞ്ച് അലര്‍ട്ട് : അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചോടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ടാണ് രണ്ടുപേര്‍ മരിച്ചത്. ഒരു സ്ത്രീയടക്കം നാലുപേരെ കാണാതായി. മരിച്ചവര്‍ വിനോദസഞ്ചാരികളാണെന്ന് കരുതുന്നു. അവധിദിവസമായതിനാല്‍ ഒട്ടേറെപ്പേര്‍ ടി.കെ. കോളനി വിനോദസഞ്ചാരമേഖല കാണാനും പുഴയില്‍ കുളിക്കാനുമായി എത്തിയിരുന്നു.
ക്രമാതീതമായി വെള്ളം ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വനം ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ അടിയന്തര ഇടപെടലില്‍ കുറെപ്പേരുടെ ജീവന്‍ രക്ഷിക്കാനായി.
ന
മങ്ങാടന്‍ ബസ് ഉടമ കോട്ടക്കല്‍ മങ്ങാടന്‍ ഹമീദിന്റെ മകന്‍ അനസ് (31) ആണ് മരിച്ച ഒരാള്‍. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. കരുവാരക്കുണ്ട് സ്വദേശി റഹീം (35), വണ്ടൂര്‍ സ്വദേശി സജാദ് (23), വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കുറുപ്പത്ത് റഫീഖ് (41), ടി.കെ. കോളനി വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിത എന്നിവരെയാണ് കാണാതായത്.
ഞായറാഴ്ച നാലരയോടെ മൂന്നാര്‍ കൊട്ടാക്കമ്പൂര്‍ അമ്മന്‍കോവില്‍ ഭാഗത്തെ കൃഷിസ്ഥലത്തെ ഷെഡ്ഡിലേക്ക് മഴവെള്ളപ്പാച്ചിലിനൊപ്പം മണ്ണിടിഞ്ഞ് കൊട്ടാക്കമ്പൂര്‍ സ്വദേശികളായ ബാലകൃഷ്ണന്‍(50), ചിന്നു (36) എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ(46)യെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ വേലത്തുശ്ശേരിയില്‍ ഞായറാഴ്ച അഞ്ചോടെ പുരയിടത്തിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ്, മറ്റൊരു യുവതിയുമൊത്ത് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചെന്നൈ സ്വദേശിനി സംഗീതാ അരുള്‍ ലാല്‍ (35) മരിച്ചു. പൂഞ്ഞാര്‍ തെക്കേക്കര പെരിങ്ങുളത്ത് ഉറവപ്ലാവില്‍ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ചേലകാട്ട് വീട്ടില്‍ ജോസഫ് (അപ്പച്ചന്‍80) മരിച്ചു. മണ്ണിനടിയില്‍പ്പെട്ട ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.