10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, പ്രളയഭീതി; പത്തനംതിട്ടയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് കടലിന്റെ മക്കള്‍. 2018-ലെ പോലെ വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പ്രദേശവാസികള്‍ 

 
pralyam



തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ പ്രളയസമാനമായ സാഹചര്യം നിലനില്‍ക്കുന്നു. നദികള്‍ കരകവിഞ്ഞൊഴുകുന്നതും വ്യാപകമായ മണ്ണിടിച്ചിലും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. 

ഇതിനിടെ 10 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ആശങ്ക വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോള്‍തന്നെ പ്രളയസമാനമായ സാഹചര്യം നേരിടുന്ന പ്രദേശങ്ങളില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂര്‍, ആറന്മുള, റാന്നി തുടങ്ങിയ പ്രദേശങ്ങളില്‍ പമ്പയിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയര്‍ന്നതോടെ വലിയ തോതിലുള്ള വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ വെള്ളമില്ലാതിരുന്നയിടങ്ങളില്‍ പുലര്‍ച്ചെയോടെ മുറ്റത്തും മുറിക്കുള്ളിലും വെള്ളം കയറിയ അവസ്ഥയിലായിരുന്നു. 2018-ലെ മഹാപ്രളയത്തിന് സമാനമായ രീതിയിലാണ് വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുന്നതെന്ന് പ്രദേശവാസികള്‍ ആശങ്ക പങ്കുവെക്കുന്നു.

രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്തുനിന്ന് 10 മത്സ്യബന്ധന വള്ളങ്ങളും 40 തൊഴിലാളികളും പത്തനംതിട്ടയിലേക്ക് തിരിച്ചിട്ടുണ്ട്. ആറന്മുളയില്‍ പല വീടുകളും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. 

കിടപ്പുരോഗികളെയും വയോധികരെയും അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ എന്‍.ഡി.ആര്‍.എഫിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ നടക്കുന്നുണ്ടെങ്കിലും, വീട് വിട്ടുപോരാന്‍ ചിലര്‍ കാണിക്കുന്ന വിമുഖത രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ചെങ്ങന്നൂരില്‍ ഇതിനകംതന്നെ പത്തിലധികം ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.


കൃഷിനാശവും ആശങ്കയും വെള്ളപ്പൊക്കം കാര്‍ഷിക മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന ഏത്തവാഴകള്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ വെള്ളത്തിനടിയിലായി. 

റാന്നിയില്‍ വെള്ളം ഇറങ്ങുമ്പോള്‍ ആറന്മുള പോലുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഡാമുകള്‍ തുറക്കാനുള്ള സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


കോഴിക്കോട് കണ്ണാടിക്കലില്‍ 200-ഓളം വീടുകളില്‍ വെള്ളം കയറി. കോഴിക്കോട് നഗരത്തോടു ചേര്‍ന്ന കണ്ണാടിക്കല്‍, പറമ്പില്‍ ബസാര്‍ മേഖലകളില്‍ പൂനൂര്‍പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് 200-ഓളം വീടുകളില്‍ വെള്ളം കയറി. 

ഇന്നലെ രാത്രി പത്ത് മണി വരെ വെള്ളപ്പൊക്കത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലാതിരുന്ന പ്രദേശത്ത് വൈകുന്നേരത്തോടെ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുകയായിരുന്നു. വീടുകളില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചവരെ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്.

Tags

Share this story

From Around the Web