ക്രിസ്തീയ വിശ്വാസത്തിന്റെ സ്വാഭാവിക പ്രകടനമെന്ന നിലയില്‍ ചൂഷണങ്ങളെ ചെറുക്കണം: പാപ്പ
വത്തിക്കാന്‍ സിറ്റി: പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയായവരുടെ വേദനകള്‍ക്ക് ചെവികൊടുക്കണമെന്നും, കുഞ്ഞുങ്ങള്‍ക്കും ദുര്‍ബലര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു കരുതല്‍ സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും ലിയോ പതിനാലാമന്‍ പാപ്പ. പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ അംഗങ്ങളുമായി മാര്‍ച്ച് പതിനാറിന് വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. കുട്ടികളുടെ സംരക്ഷണം എന്നത് പുറത്തുനിന്നുള്ള സമ്മര്‍ദ്ദം മൂലം നടപ്പിലാക്കേണ്ട ഒരു ജോലിയല്ലെന്നും, മറിച്ച് അത് ക്രിസ്തീയ വിശ്വാസത്തിന്റെ സ്വാഭാവികമായ പ്രകടനമായി മാറണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മറ്റുള്ളവരുടെ സങ്കടങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രവര്‍ത്തനസജ്ജരാകാന്‍ നാം പ്രേരിതരാകുന്ന ഒരു മാനസാന്തര പ്രക്രിയയാണ് സഭയില്‍ ഉണ്ടാകേണ്ടതെന്ന് പാപ്പ പറഞ്ഞു. പീഡനങ്ങളെ അതിജീവിച്ചവരുടെ അനുഭവങ്ങള്‍ സഭയെ സംബന്ധിച്ചിടത്തോളം ഗൗരവമായി പരിഗണിക്കപ്പെടേണ്ട പാഠങ്ങളാണ്. ആ വേദനകള്‍ കേള്‍ക്കുന്നത് പ്രയാസകരമാണെങ്കിലും, അവ സത്യം വെളിച്ചത്തുകൊണ്ടുവരാനും എളിമയോടെ കാര്യങ്ങളെ കാണാനും സഹായിക്കും. മുറിവുകളെയും വേദനകളെയും തിരിച്ചറിയുന്നതിലൂടെ മാത്രമേ സഭയില്‍ പ്രത്യാശയുടെയും നവീകരണത്തിന്റെയും പുതിയ വഴികള്‍ തുറക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഭയിലെ മെത്രാന്‍മാര്‍ക്കും സന്യാസസഭ മേധാവികള്‍ക്കും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ടെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. ഇരകളെ കേള്‍ക്കുന്നതിനും അവരെ ചേര്‍ത്തുപിടിക്കുന്നതിലുമുള്ള തങ്ങളുടെ ഈ വലിയ ദൗത്യം മറ്റാര്‍ക്കെങ്കിലും കൈമാറി ഒഴിവാകാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് കഴിയില്ല. ഓരോ സഭാ സ്ഥാപനങ്ങളിലും സമൂഹങ്ങളിലും ഇത്തരമൊരു സുരക്ഷിത സാഹചര്യം ഉറപ്പാക്കേണ്ടത് നേതൃത്വത്തിന്റെ അനിവാര്യമായ കടമയാണ്. വേദനകള്‍ അംഗീകരിക്കുമ്പോഴാണ് വിശ്വാസ്യതയുള്ള ഒരു മാറ്റം സഭയില്‍ സംഭവിക്കുന്നത്.
സുരക്ഷാ മുന്‍കരുതലുകള്‍ എന്നത് വെറും ചട്ടങ്ങളോ നടപടിക്രമങ്ങളോ മാത്രമായി കാണരുതെന്ന് പാപ്പ വ്യക്തമാക്കി. കുട്ടികളുടെയും ദുര്‍ബലരുടെയും സംരക്ഷണം എന്നത് സഭയുടെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ജോലിയല്ല. മറിച്ച്, സഭയുടെ അജപാലന ശുശ്രൂഷകളിലും, വൈദിക പരിശീലനത്തിലും, ഭരണത്തിലും, അച്ചടക്ക നടപടികളിലും എല്ലാം ഒരുപോലെ വ്യാപിക്കേണ്ട ഒന്നാണത്. സഭാ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ സുരക്ഷാ മനോഭാവം പ്രകടമാകണമെന്നും അദ്ദേഹം പറഞ്ഞു.