'ഓപ്പറേഷന്‍ തൂഫാന്‍'; കേരളത്തില്‍ ഇതുവരെ അറസ്റ്റിലായത് 13,309 പേര്‍,രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 12,336
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ കേരള പൊലീസ് ശക്തമാക്കിയിരിക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍'ന്റെ ഭാഗമായി ഇതുവരെ 13,309 പേരെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം 90 കേസുകളിലായി 95 പേര്‍ കൂടി അറസ്റ്റിലായതോടെ ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 12,336 ആയി ഉയര്‍ന്നു.
പരിശോധനകളുടെ ഭാഗമായി ഇതുവരെ വലിയ തോതില്‍ നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തിട്ടുള്ളത്. 26,784.516 ഗ്രാം എം.ഡി.എം.എ, 1,702.041 കിലോഗ്രാം കഞ്ചാവ്, 5,732.792 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിങ്ങനെയാണ് പിടിച്ചത്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചെറിയ അളവില്‍ ലഹരി കൈവശം വെച്ചതിന് 21 കേസുകളും, മീഡിയം ക്വാണ്ടിറ്റിക്ക് 5 കേസുകളും, കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റിക്ക് 2 കേസുകളും ഉള്‍പ്പെടെ മൊത്തം 27 എന്‍.ഡി.പി.എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോട്പ നിയമപ്രകാരം 44 കേസുകളും എടുത്തു. ഇവരില്‍ നിന്ന് 22 ഗ്രാം എം.ഡി.എം.എയും, 42.577 കിലോഗ്രാം കഞ്ചാവും, 1.69 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
പൊലീസ് നടപടികള്‍ക്ക് പുറമെ ലഹരിക്കെതിരെയുള്ള ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 9 ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം 42 ബോധവത്കരണ ക്ലാസുകളാണ് പൊലീസ് സംഘടിപ്പിച്ചത്. ഇതുവരെയുള്ള ആകെ ക്ലാസുകളുടെ എണ്ണം 10,995 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 922 ഉം ആയി. സ്‌കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 7,758 ബോധവത്കരണ പരിപാടികളും നടത്തിക്കഴിഞ്ഞു. ലഹരി വിപണനത്തെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടോ വാട്‌സാപ്പ് വഴിയോ പൊലീസിനെ അറിയിക്കാം. വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ കര്‍ശനമായി രഹസ്യമായി സൂക്ഷിക്കുന്നതാണ്. ഫോണ്‍ നമ്പറുകള്‍ 9497979794, 9497927797, വാട്‌സാപ്പ് നമ്പര്‍ 9995966666.