ഓപ്പറേഷൻ 'തണ്ടർ', ഓപ്പറേഷൻ 'ശുദ്ധി'. 
എക്സൈസ് മന്ത്രി എം. ലിജുവിന്റെ ഇരട്ട ഓപ്പറേഷന് കൈയ്യടി

 
2333

കോട്ടയം: എക്സൈസിൻ്റെ ഇരട്ട ഓപ്പറേഷന് ജനത്തിൻ്റെ കൈയ്യടി.

സംസ്ഥാനത്ത് ലഹരി മാഫിയയെ അമർച്ച ചെയ്യുന്നതിനായി കേരള എക്സൈസ് വകുപ്പ് ആരംഭിച്ച 'ഓപ്പറേഷൻ തണ്ടർ', വ്യാജ മദ്യം തടയുന്നതിനായി ആരംഭിച്ച 'ഓപ്പറേഷൻ ശുദ്ധി' എന്നിവയ്ക്കാണ് എക്സൈസ് മന്ത്രി എം. ലിജു രൂപം നൽകിയത്. 

ലഹരി കടത്ത് തടയുക, അതിർത്തി ചെക്ക്പോസ്റ്റുകളിലും ലോഡ്ജുകളിലും റെയ്ഡ് നടത്തുക, അനധികൃത ലഹരി വസ്തുക്കൾ പിടികൂടുക എന്നിവയാണ് തണ്ടറിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.

സംസ്ഥാനത്ത് വ്യാജ മദ്യത്തിൻ്റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് 'ഓപ്പറേഷൻ ശുദ്ധി' ആരംഭിച്ചിരിക്കുന്നത്.  ആഭ്യന്തര വകുപ്പിൻ്റെ ഓപ്പറേഷൻ തൂഫാൻ പോലെ വലിയ ജനകീയ മുന്നേറ്റമായി മാറുകയാണ് തണ്ടറും ശുദ്ധിയും. 

താമരശ്ശേരിയിൽ സഹപാഠികൾക്ക് പത്താം ക്ലാസുകാരന്‍ വ്യാജമദ്യം എത്തിച്ചു നല്‍കിയ സംഭവം കേരളത്തെ ഞെട്ടിച്ചു. വിദ്യാര്‍ഥികള്‍ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ വാട്ടര്‍ബോട്ടിലില്‍ വാറ്റ്ചാരായം കണ്ടെത്തുകയായിരുന്നു. 

വിശദമായ ചോദ്യം ചെയ്യലില്‍ തന്റെ രണ്ടാനച്ഛന്‍ നാടന്‍ ചാരായം വാറ്റുന്നുണ്ടെന്നും, തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നുമുള്ള വിവരം വിദ്യാര്‍ഥി വെളിപ്പെടുത്തി. 

കുട്ടികൾ വ്യാജ മദ്യം കഴിച്ചു ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിൽ അത് വലിയ വിവാദമായി മാറിയേനെ. ഒരു വിഷമദ്യ ദുരന്തം ഉണ്ടാകാനുള്ള എല്ലാ സാഹചര്യവും സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്.

ഇത് തടയാൻ അതീവ ജാഗ്രതയോടെ എക്സൈസ് വകുപ്പ് നീങ്ങേണ്ടതുണ്ട്. കള്ളിൽ പോലും ലഹരി കൂട്ടാൻ കെമിക്കലുകളും മറ്റ് രാസവസ്തുക്കളും ചേർക്കുന്നു എന്ന മുൻ കണ്ടെത്തലുകളും എക്സൈസിനു മുന്നിലുണ്ട്.

വ്യാജ കള്ള് നിർമ്മാണമോ വിതരണമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച വിവരങ്ങൾ നേരിട്ട് 9447178000 എന്ന എക്‌സൈസ് കൺട്രോൾ റൂം നമ്പറിൽ അറിയിക്കാവുന്നതാണ്.

വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്ന് മന്ത്രിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

Tags

Share this story

From Around the Web