ഓപ്പറേഷൻ സൗന്ദര്യ. വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്കെതിരെ സംസ്ഥാനത്ത് പരിശോധന കർശനമാക്കി ഡ്രഗ്സ് കൺട്രോൾ വിഭാഗം. കണ്ടെത്തിയത് ഗുരുതരമായ ക്രമക്കേടുകൾ

 
cream

കോട്ടയം: സംസ്ഥാനത്ത് വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വിതരണവും തടയുന്നതിനായി ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന കർശനമാക്കി.

 അമിതമായി മെർക്കുറി കലർത്തിയ ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് പതിനേഴുകാരിയുടെ വൃക്ക തകരാറിലായ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് അധികൃതർ നടപടികൾ ശക്തമാക്കിയത്.

 'ഓപ്പറേഷൻ സൗന്ദര്യ' എന്ന പേരിലാണ് സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധനകൾ പുരോഗമിക്കുന്നത്.

വ്യാജ ലേബലുകളും തെറ്റായ വിവരങ്ങളും രേഖപ്പെടുത്തിയ സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ വ്യാപകമായി എത്തുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

പുറത്തുനിന്നെത്തുന്ന സംഘങ്ങളാണ് ഇത്തരം ഉൽപ്പന്നങ്ങൾ വിവിധ കടകളിലേക്ക് എത്തിച്ചു നൽകുന്നത്.

 നിലവിലുള്ള നിയമത്തിൻ്റെ പഴുതുകൾ ഉപയോഗിച്ചാണ് ഈ സംഘങ്ങൾ പ്രവർത്തിച്ചിരുന്നത്.

ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഇത്തരം ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിനും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനുമാണ് 'ഓപ്പറേഷൻ സൗന്ദര്യ'യിലൂടെ ലക്ഷ്യമിടുന്നത്.

 വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം വ്യക്തമാക്കി.

പരിശോധനയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ നടത്തിയ പരിശോധനയിൽ അംഗീകാരമില്ലാത്തതും തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതുമായ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടിച്ചെടുത്തു.

കണ്ണൂർ താളിക്കാവ് റോഡിലെ 'എസ്.കെ. നോവൽറ്റി' എന്ന മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നാണ് 65,000 രൂപയോളം വിലമതിക്കുന്ന മിസ്ബ്രാൻഡഡ് ലിപ്സ്റ്റിക്കുകളും ലിപ്ബാമുകളും പിടികൂടിയത്.

പ്രത്യേക ബ്രാൻഡുകളില്ലാതെ പല വ്യാജ ലേബലുകൾ പതിപ്പിച്ച നിലയിലായിരുന്നു ഉൽപ്പന്നങ്ങൾ.

 ഉൽപ്പന്നങ്ങളിൽ കൃത്യമായ വിവരങ്ങളോ നിർമ്മാണ മാനദണ്ഡങ്ങളോ പാലിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി.

 പുറത്തുനിന്നെത്തിക്കുന്ന ഇത്തരം നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഈ മൊത്തവ്യാപാര കേന്ദ്രം വഴി ജില്ലയിലെ വിവിധ കടകളിലേക്ക് വിതരണം ചെയ്തിരുന്നതായാണ് വിവരം.

അനധികൃത സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലും ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പന വ്യാപകമായി തുടരുകയാണ്.

 വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.

Tags

Share this story

From Around the Web