പാരലല്‍ കോളജുകളെ ഒപ്പം നിര്‍ത്താന്‍ ഓപണ്‍ സര്‍വകലാശാല; സഹകരണത്തിന് പുതിയ നിര്‍ദേശവുമായി വി.സി

 
vc 123


കൊല്ലം: വിദൂര വിദ്യാഭ്യാസം റഗുലര്‍ സര്‍വകലാശാലകളില്‍ പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ സജീവമാകുന്നതിനിടെ പാരലല്‍ കോളജുകളെ സഹകരിപ്പിക്കാനുള്ള നിര്‍ദേശവുമായി ശ്രീനാരായണ ഓപണ്‍ സര്‍വകലാശാല.


 സര്‍വകലാശാലയുടെ ശാക്തീകരണത്തിനൊപ്പം പാരലല്‍ കോളജുകളുമായുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ ഡോ. ജഗതി രാജ് മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും സമര്‍പ്പിച്ചു.

 യു.ജി.സി. ചട്ടങ്ങള്‍ക്ക് വിധേയമായി നിലവാരമുള്ള പാരലല്‍ കോളജുകളെ സര്‍വകലാശാലയുമായി ബന്ധിപ്പിക്കാമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം.

യു.ജി.സി. യോഗ്യതയുള്ള പാരലല്‍ കോളജ് അധ്യാപകര്‍ക്ക് ഓപണ്‍ സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സിലര്‍ പാനലിലേക്ക് അപേക്ഷിക്കാനും അവസരം നല്‍കാമെന്ന് വൈസ് ചാന്‍സലര്‍ നിര്‍ദേശിക്കുന്നു.

 ഓപണ്‍ സര്‍വകലാശാല നിലവില്‍ വന്നതോടെ വിദ്യാര്‍ഥികളുടെ എണ്ണത്തിലും പ്രവര്‍ത്തനത്തിലും പ്രതിസന്ധി നേരിട്ട പാരലല്‍ കോളജുകള്‍ സര്‍വകലാശാലയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവിഭാഗങ്ങള്‍ക്കുമിടയിലെ അകലം കുറച്ച് സഹകരണത്തിലൂടെ മുന്നോട്ടുപോകാനാണ് പുതിയ നീക്കം.


അതേസമയം, കോടതി ഉത്തരവുകള്‍ ഉള്‍പ്പെടെ പാലിച്ച് നേരത്തെ നിര്‍ത്തലാക്കിയ പ്രൈവറ്റ് രജിസ്‌ട്രേഷനും വിദൂര വിദ്യാഭ്യാസവും എം.ജി., കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ക്ക് തിരികെ നല്‍കണമെന്ന ആവശ്യവും ചില രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയോടെ സജീവമാണ്. 

വിദൂര വിദ്യാഭ്യാസം ശ്രീനാരായണ ഓപണ്‍ സര്‍വകലാശാലയില്‍ മാത്രം പരിമിതപ്പെടുത്താനുള്ള നിയമം പിന്‍വലിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. 


ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകള്‍ രൂപീകരിച്ചപ്പോള്‍ മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്‌സുകള്‍ പഴയ സര്‍വകലാശാലകള്‍ക്ക് തിരികെ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ലെന്നും അതേ മാതൃകയില്‍ വിദൂര വിദ്യാഭ്യാസം, തുടര്‍വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എന്നിവ ഓപണ്‍ സര്‍വകലാശാലയില്‍ നിലനിര്‍ത്തണമെന്നുമാണ് റിപ്പോര്‍ട്ടിലെ നിലപാട്.

Tags

Share this story

From Around the Web