വിവിധ മതങ്ങള്‍ക്കിടയില്‍ സംഭാഷണം ഊട്ടിയുറപ്പിക്കുവാന്‍ തുറന്ന ഹൃദയങ്ങള്‍ ആവശ്യമാണ്: ലിയോ പാപ്പാ
വത്തിക്കാന്‍സിറ്റി: ക്രൈസ്തവര്‍ക്കും, മുസ്ലീങ്ങള്‍ക്കുമിടയില്‍ സാഹോദര്യവും, സംഭാഷണവും ഊട്ടിയുറപ്പിക്കുന്നതിനായി കെനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'പ്രോഗ്രാം ഫോര്‍ ക്രിസ്ത്യന്‍-മുസ്ലിം റിലേഷന്‍സ് ഇന്‍ ആഫ്രിക്ക' എന്ന സംഘടനയുടെ പ്രതിനിധിസംഘത്തെ, ലിയോ പതിനാലാമന്‍ പാപ്പാ വത്തിക്കാനില്‍ സ്വീകരിക്കുകയും, അവര്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു.
അവര്‍ ചെയ്യുന്ന സേവനങ്ങളെ എടുത്തു പറഞ്ഞ പാപ്പാ, പ്രത്യേകം നന്ദിയര്‍പ്പിക്കുകയും ചെയ്തു. മറ്റ് മതങ്ങളിലെ ആളുകളുമായി സംഭാഷണം നടത്തുന്നതിനും, എല്ലാവര്‍ക്കുമിടയില്‍ സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കാന്‍ സഭയെ പ്രാപ്തമാക്കുന്ന, മതാന്തര സംഭാഷണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അര്‍പ്പണബോധമുള്ള സേവനങ്ങള്‍ക്കും പാപ്പാ നന്ദി പറഞ്ഞു.
മനുഷ്യരെ പ്രബുദ്ധമാക്കുന്ന, സത്യത്തിന്റെ കിരണങ്ങള്‍ പ്രതിഫലിപ്പിക്കുന്ന, മറ്റു മതങ്ങളിലെ സത്യവും വിശുദ്ധവുമായ ഒന്നും നിഷേധിക്കാത്ത സഭയുടെ സ്വഭാവം ഓര്‍മ്മപ്പെടുത്തിയ പാപ്പാ, പരസ്പര ധാരണയും ബഹുമാനവും പുലര്‍ത്തുവാന്‍ സഭ ഏവരെയും ക്ഷണിക്കുന്നുവെന്നും കൂട്ടിചേര്‍ത്തു.
വാസ്തവത്തില്‍, ക്രിസ്ത്യാനികളും സദ്ഭാവനയുള്ള ആളുകളും ഏറ്റെടുക്കുന്ന ഐക്യത്തിലേക്കും കൂട്ടായ്മയിലേക്കുമുള്ള ഓരോ ആധികാരിക യാത്രയും പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണെന്നും, ഈ കണ്ടുമുട്ടലുകള്‍ക്കും, സംഭാഷണങ്ങള്‍ക്കും തുറന്ന ഹൃദയങ്ങള്‍ ആവശ്യമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
മതാന്തര സംഭാഷണത്തിനായുള്ള ഡിക്കാസ്റ്ററിയുമായി ചേര്‍ന്നുള്ള സംഘടനയുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കന്‍ സമൂഹങ്ങളിലും മറ്റിടങ്ങളിലും സമാധാനവും, നീതിയും, പ്രത്യാശയും ഊട്ടിയുറപ്പിക്കുമെന്നുംസാമൂഹിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും അടിയന്തിര നടപടി ആവശ്യമുള്ള മേഖലകളെക്കുറിച്ചു കൂടുതല്‍ ധാരണകള്‍ രൂപപ്പെടുത്തുവാന്‍ ഈ സഹകരണം ഫലപ്രദമാകുമെന്നും പാപ്പാ പറഞ്ഞു.
മതമൗലികവല്‍ക്കരണം, വിഭജനം, സംഘര്‍ഷം എന്നിവ വര്‍ദ്ധിച്ചുവരുന്ന ഒരു ലോകത്ത്, സാംസ്‌കാരികവും മതപരവുമായ വ്യത്യാസങ്ങള്‍ക്കിടയിലും സമാധാനത്തോടെയും ഐക്യത്തോടെയും ഒരുമിച്ച് ജീവിക്കാനും, ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയുമെന്ന് മാതൃക കാട്ടുന്ന സംഘടനയുടെ സേവനങ്ങളെ പാപ്പാ അഭിനന്ദിച്ചു.
മുന്‍വിധികളുടെയും കോപത്തിന്റെയും വിദ്വേഷത്തിന്റെയും ചങ്ങലകളില്‍ നിന്ന് മോചനം നേടാന്‍ ജനങ്ങളെ സഹായിക്കുവാനുള്ള ഉത്തരവാദിത്വവും പാപ്പാ എടുത്തു പറഞ്ഞു.