ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ, ഹൈക്കോടതി അസാധുവാക്കിയതിനെത്തുടർന്ന് കോൺഗ്രസ് വാർഡ് മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
പാലക്കാട്: ഹൈക്കോടതി അസാധുവാക്കിയതിനെത്തുടർന്ന് വടക്കഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് മെമ്പർ സുനിൽ ചുവട്ടുപാടം വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ, മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ നടത്തിയ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കൗൺസിലർമാർ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ അസാധുവാക്കിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവിലാണ് പാലക്കാട്ടെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും റദ്ദാക്കപ്പെട്ടത്.
"ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ" എന്ന രീതിയിൽ സുനിൽ നടത്തിയ സത്യപ്രതിജ്ഞയ്ക്കെതിരെ മറ്റൊരു വാർഡ് മെമ്പർ കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച് നാലാഴ്ചയ്ക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന നിർദ്ദേശപ്രകാരമാണ് സുനിൽ നടപടികൾ പൂർത്തിയാക്കിയത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മോഹൻദാസ് സത്യവാചകം ചൊല്ലിക്കൊടുത്തു.