ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികളില്‍നിന്ന് രക്ഷിക്കാന്‍ യേശുവിന് മാത്രമേ ശക്തിയുള്ളൂവെന്നും യേശു അല്ലാതെ മറ്റാരും നമ്മെ രക്ഷിക്കാന്‍ വരികയില്ലെന്നും ലിയോ 14 ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികളില്‍നിന്ന് രക്ഷിക്കാന്‍ യേശുവിന് മാത്രമേ ശക്തിയുള്ളൂവെന്നും യേശു അല്ലാതെ മറ്റാരും നമ്മെ രക്ഷിക്കാന്‍ വരികയില്ലെന്നും ലിയോ 14 ാമന്‍ പാപ്പ. ഫ്രാന്‍സിലെ രാജാവായിരുന്ന വിശുദ്ധ ലൂയിസ് ഒമ്പതാമന്റെ തിരുനാള്‍ ദിനത്തില്‍ ഫ്രഞ്ച് അള്‍ത്താര ശുശ്രൂഷകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലിയോ 14 ാമന്‍ മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.
മനുഷ്യരൂപം ധരിച്ച സര്‍വശക്തനായ ദൈവമാണ് യേശു. കുരിശില്‍ അവിടുന്ന് തന്റെ ജീവന്‍ നമുക്കുവേണ്ടി നല്‍കി എന്നതാണ് യേശുവിന്റെ സ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവ്. ഹൃദയത്തിന്റെ ആഴങ്ങളില്‍ യേശുവിനോട് സംസാരിച്ചും യേശുവിനെ കൂടുതല്‍ സ്നേഹിച്ചും സമയം ചെലവഴിക്കുവാന്‍ പാപ്പ അള്‍ത്താര ശുശ്രൂഷകരെ ക്ഷണിച്ചു. നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്തും നിങ്ങളുടെ ഏറ്റവും വിശ്വസ്ത സുഹൃത്തുമാകാന്‍ മാത്രമാണ് യേശു ആഗ്രഹിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ദിവ്യകാരുണ്യം സഭയുടെ നിധിയും നിധികളുടെ നിധിയുമാണെന്ന് ലിയോ പാപ്പ പറഞ്ഞു. അത് ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിലെയും സഭയുടെ ജീവിതത്തിലെയും ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കാരണം ദൈവം നമ്മോടുള്ള സ്നേഹത്താല്‍ തന്നെത്തന്നെ നമുക്ക് വീണ്ടും വീണ്ടും നല്‍കുന്ന ഒരു കൂടിക്കാഴ്ചയാണത്. കടമുള്ളതുകൊണ്ടല്ല മറിച്ച് ആവശ്യമുള്ളതുകൊണ്ടാണ് ക്രൈസ്തവര്‍ ദിവ്യബലിക്ക് പോകുന്നത്. അവിടെ നിന്ന് ലഭിക്കുന്ന ദൈവികജീവന്‍ അവര്‍ക്ക് ആവശ്യമുണ്ട്.
അള്‍ത്താര ശുശ്രൂഷകര്‍ അവരുടെ ഇടവകകളില്‍ നല്‍കുന്ന വളരെ വലുതും ഉദാരവുമായ സേവനത്തിന് നന്ദി പ്രകടിപ്പിച്ച പാപ്പ വിശ്വസ്തതയോടെയും സ്ഥിരോത്സാഹത്തോടെയും ശുശ്രൂഷ നിര്‍വഹിക്കുവാന്‍ അവരെ ക്ഷണിച്ചു. അള്‍ത്താരയെ സമീപിക്കുമ്പോള്‍ ‘ആഘോഷിക്കപ്പെടുന്നതിന്റെ മഹത്വവും വിശുദ്ധിയും’ മനസില്‍ സൂക്ഷിക്കണമെന്നും പാപ്പ അള്‍ത്താര ശുശ്രൂഷകരെ ഓര്‍മിപ്പിച്ചു.
‘കുര്‍ബാന ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ഒരു നിമിഷമാണ്. യേശുവിന്റെ സാന്നിധ്യത്തില്‍ സന്തോഷകരമായ ഒരു ഹൃദയം നമുക്ക് എങ്ങനെ ഉണ്ടാകാതിരിക്കും? എന്നാല്‍ കുര്‍ബാന, അതേസമയം, ഗൗരവമേറിയതും പവിത്രവുമായ സമയമാണ്. നിങ്ങളുടെ മനോഭാവം, നിങ്ങളുടെ നിശബ്ദത, നിങ്ങളുടെ സേവനത്തിന്റെ മഹത്വം, ആരാധനാക്രമ സൗന്ദര്യം, നിങ്ങളുടെ ആംഗ്യങ്ങളുടെ ക്രമവും മഹത്വവും, വിശ്വാസികളെ രഹസ്യത്തിന്റെ പവിത്രമായ മഹത്വത്തിലേക്ക് ആകര്‍ഷിക്കട്ടെ,’ പാപ്പ പറഞ്ഞു.
ഫ്രാന്‍സിലെ വൈദികരുടെ കുറവ്, സഭയ്ക്കും ഫ്രാന്‍സിനും വലിയ ഒരു ദൗര്‍ഭാഗ്യമാണെന്ന് പാപ്പ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ അള്‍ത്താര ശുശ്രൂഷകര്‍ തങ്ങള്‍ക്ക് ഒരുപക്ഷേ ഉണ്ടാകാന്‍ സാധ്യതയുള്ള പൗരോഹിത്യ ദൈവവിളിയുടെ സൗന്ദര്യവും സന്തോഷവും ആവശ്യകതയും ക്രമേണ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചു. ‘തന്റെ ഓരോ ദിവസത്തിന്റെയും ഹൃദയത്തില്‍, യേശുവിനെ അസാധാരണമായ രീതിയില്‍ കണ്ടുമുട്ടുകയും ലോകത്തിന് നല്‍കുകയും ചെയ്യുന്ന വൈദികന്റെ ജീവിതം എത്ര അത്ഭുതകരമാണ്,’ പാപ്പ കൂട്ടിച്ചേര്‍ത്തു