ലെയോ പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനം ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്. മുന്നറിയിപ്പുമായി കാമറൂണ്‍ സഭ

 
pope francis

വത്തിക്കാന്‍ സിറ്റി: ലെയോ പാപ്പയുടെ കാമറൂണ്‍ അപ്പസ്‌തോലിക സന്ദര്‍ശനം അടുത്ത മാസം നടക്കാനിരിക്കെ വിശ്വാസികളുടെ പണം കബളിപ്പിച്ചെടുക്കാനായി നടത്തുന്ന നീക്കത്തിനെതിരെ മുന്നറിയിപ്പുമായി കാമറൂണ്‍ സഭ. 

കാമറൂണില്‍ പേപ്പല്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ നടക്കുന്ന വിശുദ്ധ ബലിയര്‍പ്പണത്തില്‍ പങ്കെടുക്കുന്നതിന് ടിക്കറ്റുകള്‍ക്കെന്ന പേരില്‍ വിശ്വാസികളുടെ പണം കബളിപ്പിച്ചെടുക്കാനായുള്ള നീക്കത്തിനെതിരെയാണ് സഭയുടെ മുന്നറിയിപ്പ്.

ഏപ്രില്‍ 15 മുതല്‍ 18 വരെ തീയതികളില്‍ കാമറൂണില്‍ ലെയോ പാപ്പ നടത്തുന്ന അപ്പസ്‌തോലിക സന്ദര്‍ശനത്തിനിടെയുള്ള വിശുദ്ധ ബലിയര്‍പ്പണത്തില്‍ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റുകള്‍ തികച്ചും സൗജന്യമാണെന്ന്, കഴിഞ്ഞ ദിവസം പുറത്തുവിട്ട കുറിപ്പിലൂടെ രാജ്യത്തെ അപ്പസ്‌തോലിക കാര്യാലയം അറിയിച്ചു. 

പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനം മുതലാക്കി പണം നേടാന്‍ ശ്രമിക്കുന്ന ആളുകളുടെ തട്ടിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കണമെന്ന് അപ്പസ്‌തോലിക നൂണ്‍ഷ്യേച്ചര്‍ ഓര്‍മ്മിപ്പിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പ് സംബന്ധിച്ച് യൗന്ദേ അതിരൂപതയും വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഓണ്‍ലൈന്‍ തട്ടിപ്പ് പോലെയുള്ള അപലപനീയമായ ശ്രമങ്ങള്‍ക്ക് സഭയുമായി ബന്ധമില്ലെന്നും, വിശുദ്ധ കുര്‍ബാനയിലുള്ള പങ്കാളിത്തം ഒരിക്കലും വില്‍പ്പനയ്ക്കുള്ള ഒന്നല്ലെന്നും, ഇത്തരം തട്ടിപ്പുകളില്‍നിന്ന് ജാഗ്രത പാലിക്കണമെന്നും അതിരൂപത വ്യക്തമാക്കി. 

പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കില്ലെന്നും, ആഘോഷങ്ങളിലുള്ള പങ്കാളിത്തം തികച്ചും സൗജന്യമാണെന്നും, ദൂവാല രൂപതയും ഫേസ്ബുക്കിലെ തങ്ങളുടെ കുറിപ്പ് വഴി അറിയിച്ചു.

 ആഫ്രിക്കയിലെ അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള പത്തു ദിവസങ്ങള്‍ നീളുന്ന ലെയോ പാപ്പയുടെ അപ്പസ്‌തോലിക യാത്രയ്ക്കു ഏപ്രില്‍ 13നാണ് തുടക്കമാകുക.


 

Tags

Share this story

From Around the Web