വീട്ടിലിരുന്ന് ഉയര്‍ന്ന വരുമാനം നേടാവുന്ന ഓണ്‍ലൈന്‍ ജോലികള്‍, നിക്ഷേപത്തിന് ഉയര്‍ന്ന ലാഭം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് 

 
CYBER


തിരുവനന്തപുരം: വീട്ടിലിരുന്ന് ഉയര്‍ന്ന വരുമാനം നേടാവുന്ന ഓണ്‍ലൈന്‍ ജോലികള്‍, നിക്ഷേപത്തിന് ഉയര്‍ന്ന ലാഭം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു. 


ഇതിനായി എന്‍ടിഎല്‍ എന്ന പേരിലുള്ള വ്യാജ ആപ്പാണ് തട്ടിപ്പുകാര്‍ ഉപയോഗിച്ചു വരുന്നത്. വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. വ്യാജ പരസ്യങ്ങളില്‍ ആകൃഷ്ടരായി തട്ടിപ്പുകാരെ സമീപിക്കുന്നവരെ തന്ത്രപരമായി എന്‍ടിഎല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുന്നു. 

തുടര്‍ന്ന് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനും ആപ്പിലൂടെ വിവിധ ഓണ്‍ലൈന്‍ ജോലികളുടെയും നിക്ഷേപ പദ്ധതികളുടെയും പേരിലുള്ള വിവിധ ടാസ്‌ക്, കമ്മീഷന്‍, നിക്ഷേപപദ്ധതികള്‍ എന്നിവ പരിചയപ്പെടുത്തുന്നു. 

ഇതില്‍ ആകൃഷ്ടരായി ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്ക് കമ്മീഷന്‍ ലഭിക്കുന്നതായി വ്യാജമായി പ്രദര്‍ശിപ്പിക്കുകയും ചില സന്ദര്‍ഭങ്ങളില്‍ ചെറിയ തുക പിന്‍വലിക്കാനും നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നു.


നിക്ഷേപകരുടെ വിശ്വാസ്യത നേടിയെടുക്കുന്നതിനുള്ള തന്ത്രമാണിത്. ഇത്തരത്തില്‍ നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കുകയും തുടരെത്തുടരെ ഉയര്‍ന്ന തുക നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 

കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് നിക്ഷേപകര്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നു. ഈ തുക പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ പെന്‍ഡിങ് ഫോര്‍ റിവ്യൂ, പ്രോസസിംഗ്, ഹോളിഡേ തുടങ്ങിയ കാരണങ്ങള്‍ കാണിച്ച് പണം പിന്‍വലിക്കുന്നതിനുള്ള സാവകാശം നീട്ടിക്കൊണ്ട് പോകുകയും കൂടാതെ പണം പിന്‍വലിക്കുന്നതിനായി അധിക ഫീസ്, നികുതി, വെരിഫിക്കേഷന്‍ ഫീസ് തുടങ്ങിയ പേരുകളില്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്നു. 

നിശ്ചിത സമയത്തിനുള്ളില്‍ വ്യാജ ആപ്പ് പ്രവര്‍ത്തനം നിലയ്ക്കുകയോ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുകയോ ചെയ്യുന്നു.

ഇത്തരത്തിലുള്ള നിക്ഷേപ തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കേണ്ടതാണ്. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്യുന്ന ആപ്പുകളേയോ നിക്ഷേപദ്ധതികളേയോ ഒരു കാരണവശാലും വിശ്വസിച്ച് പണം നിക്ഷേപിക്കരുത്. 

സമൂഹമാധ്യമങ്ങള്‍ വഴി ലഭിക്കുന്ന ലിങ്കുകള്‍ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുത്. അഥവാ ഇത്തരത്തിലുള്ള നിക്ഷേപത്തിന് മുതിര്‍ന്നാല്‍ സ്ഥാപനത്തിന്റെ വിശ്വാസത ഉറപ്പുവരുത്തുക. 


ചെറിയ നിക്ഷേപ തുകയ്ക്ക് ചെറിയ കമ്മീഷന്‍ ലഭിച്ചുവെന്ന കാരണത്താല്‍ വലിയ തുക നിക്ഷേപിക്കരുത്. കൂടുതല്‍ ലാഭം, റെഫറല്‍ കമ്മീഷന്‍, നിക്ഷേപത്തിന് കിട്ടിയ ലാഭം പിന്‍വലിക്കാനായി മുന്‍കൂര്‍ തുക ആവശ്യപ്പെടുകയോ ചെയ്യുന്ന ആപ്പുകളോട് ജാഗ്രത പാലിക്കുക. 

നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് വിവരങ്ങള്‍, ഒ.ടി.പി, യു.പി.ഐ പിന്‍ എന്നിവ ആരുമായും പങ്കുവെയ്ക്കരുത്. മാത്രമല്ല നിങ്ങളുടെ പരിചയക്കാര്‍, ബന്ധുക്കള്‍ തുടങ്ങിയവരെ ഇത്തരം ആപ്പുകളില്‍ ചേരുന്നതിന് പ്രേരിപ്പിക്കാതിരിക്കുക. 


ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കോ www.cybercrime.gov.inഎന്ന സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലേക്കോ ബന്ധപ്പെടുക.
 

Tags

Share this story

From Around the Web