കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ്: യുവതിയില്‍ നിന്നും തട്ടിയത് അഞ്ച് ലക്ഷത്തിലധികം രൂപ

ഓൺലൈൻ തട്ടിപ്പില്‍ യുവതിക്ക് പണം നഷ്ടമായി. ഫോർട്ടു കൊച്ചി സ്വദേശിനിക്ക് അഞ്ച് ലക്ഷത്തിലധികം രൂപയാണ് യുവതിക്ക് നഷ്ടമായത്.
ഇൻസ്റ്റഗ്രാം പരസ്യത്തിലൂടെയായിരുന്നു തട്ടിപ്പ് നടത്തിയത്. വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം നേടാം എന്ന പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെയാണ് യുവതി തട്ടിപ്പിനിരയായത്.
ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര്‍ അസിസ്റ്റന്‍റ് എന്ന് സ്വയം പരിചയപ്പെടുത്തി ഒരാള്‍ വാട്സാപ്പിലൂടെ സന്ദേശമയച്ചു.
അയ്യായിരം രൂപ വീതം ഓരോ ദിവസവും വരുമാനമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ റിവ്യൂ നല്‍കാനുള്ള ജോലി നല്‍കുകയും പലപ്പോഴായി നാലായിരത്തോളം രൂപ നല്‍കുകയും ചെയ്തു.
ഇതിനു പിന്നാലെ ടെലിഗ്രാം ആപ്പിലൂടെ മുന്‍കൂര്‍ പണം വാങ്ങിയുള്ള ചില ജോലികളും ചെയ്യിപ്പിച്ചു. അങ്ങനെ പല തവണയായി 5 ലക്ഷത്തി എഴുപതിനായിരത്തി അഞ്ഞൂറ് രൂപ യുവതിയില്‍ നിന്ന് സംഘം തട്ടിയെടുക്കുകയായിരുന്നു.
പണം വാങ്ങിയ ശേഷം തന്‍റെ നമ്പര്‍ ബ്ലോക്ക് ചെയ്തോടെയാണ് താന്‍ തട്ടിപ്പിനിരയായതായി യുവതി മനസ്സിലാക്കുന്നത്.
ഇതോടെ ഫോര്‍ട്ടുകൊച്ചി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.