കുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സര്‍ക്കാര്‍

 
SAVALA


രാജ്യത്ത് സവാള വില വീണ്ടും കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിന് വലിയൊരു ഭാരമായി മാറുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സവാള വില കിലോയ്ക്ക് 62 രൂപ വരെയാണ് എത്തിയിരിക്കുന്നത്. വിലക്കയറ്റത്തിന് പിന്നില്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അമിത ലാഭമെടുക്കലുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തുറന്നടിച്ചു. ഉത്സവ സീസണിലെ ആവശ്യകത നിറവേറ്റാന്‍ ആവശ്യമായ സവാള രാജ്യത്ത് സ്റ്റോക്കുണ്ടെന്നും, നിലവില്‍ കയറ്റുമതി നിരോധനം ആലോചിക്കുന്നില്ലെന്നും കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി.

കര്‍ഷകര്‍ക്ക് ലഭിക്കുന്ന തുകയും ചില്ലറ വിപണിയിലെ വിലയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് ചൂണ്ടിക്കാണിച്ച മന്ത്രി, വിലവര്‍ധനവിന് ഇടനിലക്കാരാണ് പ്രധാന ഉത്തരവാദികളെന്നും ആരോപിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇടപെടലുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നാഫെഡ്, എന്‍സിസിഎഫ് ഔട്ട്‌ലെറ്റുകള്‍, കേന്ദ്രീയ ഭണ്ഡാര്‍, പ്രത്യേക മൊബൈല്‍ വാനുകള്‍ എന്നിവ വഴി കിലോയ്ക്ക് 35 രൂപ നിരക്കില്‍ സബ്സിഡി നിരക്കില്‍ സവാള വില്‍പന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

വിപണിയിലെ ലഭ്യത ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ ബഫര്‍ സ്റ്റോക്കിലുള്ള സവാള ഘട്ടംഘട്ടമായി വിപണിയിലെത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏകദേശം 800 ടണ്‍ സവാള പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് റെയില്‍വേ വഴിയും റോഡ് മാര്‍ഗവും എത്തിക്കുന്നുണ്ട്. മുന്‍പ് വിലയിടിഞ്ഞപ്പോള്‍ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ സവാള സംഭരിച്ചിരുന്നുവെന്നും, എന്നാല്‍ കര്‍ഷകര്‍ അവരുടെ സ്റ്റോക്ക് വിറ്റഴിച്ചതിന് ശേഷമാണ് ചില്ലറ വിപണിയില്‍ വില ഉയര്‍ന്നതെന്നും കൃഷിമന്ത്രി വ്യക്തമാക്കി.

Tags

Share this story

From Around the Web