അരിവിലയ്ക്ക് പിന്നാലെ ഉള്ളിവിലയും കുതിക്കുന്നു; അടുക്കള ബജറ്റ് താളംതെറ്റുന്നു
 

 
small onion

കോഴിക്കോട്: അരിവിലയ്ക്ക് പിന്നാലെ സവാളയുടെയും ചെറിയ ഉള്ളിയുടെയും വില സംസ്ഥാനത്ത് കുതിച്ചുയരുന്നു. 

ഒരു മാസം മുന്‍പ് കിലോയ്ക്ക് 30 രൂപയായിരുന്ന സവാളയ്ക്ക് ഇപ്പോള്‍ 60 രൂപ നല്‍കണം. ചെറിയ ഉള്ളിയുടെ വിലയാകട്ടെ കിലോയ്ക്ക് 160 രൂപയിലുമെത്തി. വിലക്കയറ്റം സാധാരണ കുടുംബങ്ങളുടെ അടുക്കള ബജറ്റിനൊപ്പം ഹോട്ടല്‍ മേഖലയുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ്. 

വീടുകളിലും ഹോട്ടലുകളിലും ഉള്ളിയുടെ ഉപയോഗം കുറയ്‌ക്കേണ്ട സ്ഥിതിയാണ് വിലക്കയറ്റം സൃഷ്ടിക്കുന്നത്. സവാളയ്ക്ക് കിലോയ്ക്ക് 60 രൂപയായപ്പോള്‍ ചെറിയ ഉള്ളിയുടെ വില 160 രൂപയിലേക്ക് കുതിച്ചു. ദിവസേനയുള്ള പാചകത്തില്‍ ഒഴിവാക്കാനാകാത്ത ചേരുവകളുടെ വില ഇങ്ങനെ ഉയരുന്നത് വലിയ സാമ്പത്തിക ബാധ്യതയാകുകയാണെന്ന് ഹോട്ടല്‍ രംഗത്തുള്ളവരും പറയുന്നു.

ഓണത്തിന് ശേഷം സവാളയുടെയും ചെറിയ ഉള്ളിയുടെയും വിലയില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. മൊത്തവില്‍പ്പന വിപണിയില്‍ സവാളയ്ക്ക് കിലോയ്ക്ക് 50 രൂപയാണ് വില. 

ചില്ലറ വിപണിയിലെത്തുമ്പോള്‍ ഇത് 60 രൂപയാകുന്നു. ചെറിയ ഉള്ളിയുടെ കാര്യത്തിലും മൊത്തവില്‍പ്പനയും ചില്ലറ വില്‍പ്പനയും തമ്മില്‍ കിലോയ്ക്ക് പത്തുരൂപയുടെ വ്യത്യാസമുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നുള്ള സവാളയുടെ വരവ് കുറഞ്ഞതാണ് വില ഉയരാന്‍ പ്രധാന കാരണമെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. 

Tags

Share this story

From Around the Web