സവാളയ്ക്കും ചെറിയ ഉള്ളിക്കും വിപണിയിൽ വിലക്കയറ്റം.തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള പുതിയ വിളവുകൾ വിപണിയിൽ എത്തിത്തുടങ്ങിയാൽ വില കുറയുമെന്നു വ്യാപാരികൾ
കോട്ടയം: സംസ്ഥാനത്തെ വിപണികളിൽ സവാളയുടെയും ചെറിയ ഉള്ളിയുടെയും വില കുതിച്ചുയരുന്നു. സാധാരണക്കാരുടെ അടുക്കള ബജറ്റുകൾ താളം തെറ്റിച്ചുകൊണ്ട് ഉള്ളി വില വർധിക്കുന്നത് ജനങ്ങളെ വലയ്ക്കുകയാണ്.
ചില്ലറ വിപണിയിൽ നല്ല ഇനം സവാളയ്ക്ക് കിലോഗ്രാമിന് 60 രൂപ മുതൽ 70 രൂപ വരെയാണ് ഇപ്പോൾ ഈടാക്കുന്നത്. മൊത്തവ്യാപാര വിപണിയിലും കാര്യമായ കുറവില്ല.
ചെറിയ ഉള്ളിയുടെ വില ഇതിലും ഉയർന്ന നിലയിലാണ്. കിലോഗ്രാമിന് 90 രൂപ മുതൽ 120 രൂപ വരെയാണ് വിവിധ മാർക്കറ്റുകളിലെ വിലനിലവാരം. അതേസമയം 50 രൂപയുടെ ചെറിയ സവാളയും വിപണിയിലുണ്ട്. ഇതിന് ഡിമാൻഡ് കുറവാണ്.
പ്രധാന ഉൽപ്പാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനവും മഴക്കെടുതിയും വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് വിപണിയിലെ വരവ് കുറയാൻ കാരണമായി.
അന്തർസംസ്ഥാന ചരക്ക് നീക്കത്തിലുണ്ടായ തടസ്സങ്ങളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലോറികളുടെ ലഭ്യതക്കുറവും വിലവർധനയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള പുതിയ വിളവുകൾ വിപണിയിൽ എത്തിത്തുടങ്ങിയാൽ വിലയിൽ നേരിയ കുറവുണ്ടാകുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. എങ്കിലും, ഏതാനും ആഴ്ചകൾ കൂടി ഉയർന്ന വില തന്നെ തുടരാനാണ് സാധ്യതയെന്നു വ്യാപാരികൾ പറയുന്നു.