ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; ക്രിസ്റ്റിയുടെ മൊഴിയില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്

 
CHRISTY


തിരുവനന്തപുരം: വിളവൂര്‍ക്കലില്‍ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ക്രിസ്റ്റിയുടെ മൊഴിയില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ക്രിസ്റ്റിയുടെ ആരോഗ്യ നില മെച്ചപ്പെട്ടാല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. 


കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവു ശേഖരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന ക്രിസ്റ്റിയുടെ മൊഴിയില്‍ വ്യക്തത വരുത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരും.

കഴിഞ്ഞ വൈകുന്നേരമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകളായ ഇവാനയെയാണ് മാതാവ് കൊല്ലപ്പെടുത്തിയത്. മാതാപിതാക്കളുടെ നാലാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആയിരുന്നു അരുംകൊല. 

ഇവാനയുടെ മൃതേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടിലെത്തിച്ച് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം വീട്ടിനുള്ളിലെ മുറിയിലാണ് മൃതദേഹം സംസ്‌കരിച്ചത്. വിഷം കഴിച്ചെന്ന സംശയത്തില്‍ ക്രിസ്റ്റിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

ഇവരുടെ അറസ്റ്റ് മലയിന്‍കീഴ് പോലീസ് രേഖപ്പെടുത്തി. ഭര്‍ത്താവായ അഭിജിത്തിന് തന്നെ സംശയമാണെന്നാണ് ക്രിസ്റ്റി പോലീസിന് നല്‍കിയ മൊഴി. ഇതിന്റെ പേരില്‍ വഴക്കിടാറുണ്ടായിരുന്നു. 


ഇതേ തുടര്‍ന്നാണ് കുഞ്ഞിനെ കൊന്ന് താനും ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചതെന്ന് ക്രിസ്റ്റി പൊലീസിന് മുന്‍പാകെ മൊഴി നല്‍കി. അതേസമയം ക്രിസ്റ്റിയ്ക്ക് മറ്റു മാനസികപ്രശ്‌നങ്ങള്‍ ഉണ്ടോ എന്നതാണ് പോലീസിന്റെ സംശയം. ഇക്കാര്യത്തിലും പൊലീസ് വ്യക്തത വരുത്തും.


 

Tags

Share this story

From Around the Web