കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി, സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലക്സ്
കോഴിക്കോട്: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി പ്രവർത്തകരുടെ പേരിൽ ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡ്. കെപിസിസി പ്രസിഡന്റ് സ്ഥാനം സണ്ണി ജോസഫ് ഒഴിയണമെന്നും, പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയാണെന്നും ഫ്ലക്സിൽ ആവശ്യപ്പെടുന്നു. 'കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി' എന്ന മുദ്രാവാക്യവും ബോർഡിൽ ഉയർത്തിയിട്ടുണ്ട്.
എംപിമാരും എംഎൽഎമാരും തങ്ങളുടെ മണ്ഡലങ്ങളിലെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാർട്ടി പദവികളിൽ ഇരിക്കുന്നവർ അതിൽ മാത്രം ശ്രദ്ധിക്കണമെന്നും ഫ്ലക്സിൽ വ്യക്തമാക്കുന്നു. സണ്ണി ജോസഫ് കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരുന്നത് പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന വിമർശനം ഇതിനകം ഉയർന്നിരുന്നു. അദ്ദേഹം മന്ത്രിയായതിന് ശേഷം പാർട്ടിയെ പൂർണ്ണതോതിൽ നയിക്കാൻ കഴിയുന്നില്ലെന്ന അഭിപ്രായം പ്രവർത്തകർക്കിടയിൽ ശക്തമാണ്.
അതേസമയം, അധ്യക്ഷ സ്ഥാനത്ത് മാറ്റം വരുത്തുന്നത് സംബന്ധിച്ച യാതൊരുവിധ തീരുമാനങ്ങളും ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. പ്രവർത്തകരുടെ പേരിൽ പ്രത്യക്ഷപ്പെട്ട ഈ ഫ്ലക്സ് ബോർഡ് കോൺഗ്രസിനുള്ളിലെ പദവി തർക്കങ്ങളും നേതൃത്വത്തോടുള്ള അതൃപ്തിയും വീണ്ടും സജീവമാക്കുകയാണ്.