വനത്തിന്റെ കോര്‍ സോണിനു സംരക്ഷണവേലി ഒരുക്കണം, സർക്കാരിനു മുന്നിൽ നിര്‍ദേശം വെക്കാൻ ഇന്‍ഫാം.ഒരു കാരണവശാലും വന്യമൃഗങ്ങളെ കോര്‍സോണിനു പുറത്തേക്കു വരാന്‍ അനുവദിക്കരുതെന്നു  ഫാ. തോമസ് മറ്റമുണ്ടയില്‍.

 
thomas mattamundayil

കാഞ്ഞിരപ്പള്ളി:  ഒരു കാരണവശാലും വന്യമൃഗങ്ങളെ കോര്‍സോണിനു പുറത്തേക്കു വരാന്‍ അനുവദിക്കരുതെന്നും വന്യമൃഗങ്ങള്‍ക്ക് സ്വാഭാവികമായി ജീവിക്കാനുള്ള വിശാലമായ ഇടം വനത്തിനുള്ളില്‍ തന്നെ ഉറപ്പാക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. വനത്തിലെ മൂന്ന് പ്രധാന സോണുകളാണുകളാണ് കോര്‍ സോണ്‍, ബഫര്‍ സോണ്‍, ട്രാന്‍സിഷന്‍ സോണ്‍ എന്നിവ. കോര്‍ സോണ്‍ വനത്തിന്റെയോ റിസര്‍വ് വനത്തിന്റെയോ ഏറ്റവും ഉള്ളിലെ മധ്യഭാഗവും ബഫര്‍ സോണ്‍ കോര്‍ സോണിനു ചുറ്റുമുള്ളതോ, അതോ അതിന് തൊട്ടടുത്ത് ഉള്ളതോ ആയ പ്രദേശവും ട്രാന്‍സിഷന്‍ സോണ്‍  വനത്തിന്റെയോ റിസര്‍വ് ഫോറസ്റ്റിന്റെയോ ഏറ്റവും പുറത്തെ അതിര്‍ത്തിയുമാണ്.

നിലവില്‍ വനംവകുപ്പ് വന്യമൃഗ സംരക്ഷണത്തിനുവേണ്ടി ഒരുക്കിയിരിക്കുന്ന സൗരവേലി, സുരക്ഷിത വേലി, കിടങ്ങുകള്‍, നിരീക്ഷണ സംവിധാനം, മുന്നറിയിപ്പ് സംവിധാനങ്ങള്‍ തുടങ്ങിയവ അപൂര്‍ണമാണ്. അവ അപൂര്‍ണമാണെന്നു മാത്രമല്ല അവ ഒരുക്കിയിരിക്കുന്നത് വനത്തിന്റെ ട്രാന്‍സിഷന്‍ സോണിനു ചുറ്റുമാണ്. ഇതിനോടു തൊട്ടുചേര്‍ന്നു കിടക്കുന്നത് ജനവാസ മേഖലയും കൃഷിയിടങ്ങളുമാണ്. അതുകൊണ്ട് ഇപ്പോള്‍ ട്രാന്‍സിഷന്‍ സോണിനു ചുറ്റുമൊരുക്കിയിരിക്കുന്ന സംരക്ഷണ സംവിധാനങ്ങള്‍ കുറ്റമറ്റതും പൂര്‍ണവുമായി വനത്തിന്റെ കോര്‍സോണിനു ചുറ്റുംകൂടി ഒരുക്കി വന്യമൃഗങ്ങളെ കോര്‍സോണിനുള്ളില്‍ തന്നെ സംരക്ഷിക്കണം.

കോര്‍ സോണിനുള്ളില്‍ തന്നെ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും സൈ്വര്യ വിഹാരത്തിനുള്ള ആവാസവ്യവസ്ഥയും സൃഷ്ടിച്ച് ബഫര്‍സോണിലേക്കും ട്രാന്‍സിഷന്‍ സോണിലേക്കും കര്‍ഷകരുടെ പുരയിടങ്ങളിലേക്കും ഇറങ്ങിവരാനുള്ള മൃഗങ്ങളുടെ പ്രവണതയെ തടയണം.

ഇപ്പോള്‍ വനത്തിന്റെ ട്രാന്‍സിഷന്‍ സോണിലുണ്ടാക്കുന്ന വേലികള്‍ മനുഷ്യ സുരക്ഷയ്ക്കും കൃഷിയിടങ്ങളുടെ സുരക്ഷയ്ക്കുമായി ഉണ്ടാക്കുന്ന വേലികളായി കാണണം.

വനവും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ വനാതിര്‍ത്തിയോട് ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യരുടെ സുരക്ഷയും ജീവിതസമാധാനവും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

ജനവാസ മേഖലകളില്‍ മനുഷ്യരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണം.  വനത്തിന് പുറത്ത് കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് ഒരു കാരണവശാലം അനുവദിക്കാന്‍ പാടില്ല.

വന്യമൃഗങ്ങളും അവയുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കപ്പെടേണ്ടതുപോലെ തന്നെ മനുഷ്യജീവനും അവരുടെ കൃഷിയിടങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. വന്യമൃഗത്തെയും മനുഷ്യനെയും പരസ്പരം എതിരാളികളായി ചിത്രീകരിച്ച് മനുഷ്യ വന്യജീവി സംഘര്‍ഷം  എന്ന പ്രയോഗത്തിനു പകരം പരിസ്ഥിതിയുടെ സംരക്ഷണത്തിന് ഇവ രണ്ടും ആവശ്യമാണെന്ന പരസ്പരപൂരകതത്വത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഇൻഫാം ജില്ലാ എക്‌സിക്യൂട്ടീവ് സമ്മേളനത്തില്‍ പങ്കെടുക്ക് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

Tags

Share this story

From Around the Web