സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം. മലപ്പുറം കാരക്കോട് സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10 ആയി.
കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തൃശൂര്‍ സ്വദേശി റഹീം മരിച്ചിരുന്നു. റഹീമിനൊപ്പം ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷങ്ങളോടെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവര്‍ ജോലി ചെയ്ത ഹോട്ടല്‍ അടച്ചിടാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കരുത് എന്നാണ് കോര്‍പ്പറേഷനും ആരോഗ്യ വകുപ്പും നല്‍കിയ നിര്‍ദേശം. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെയും ഹോട്ടലിലെയും വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് മറ്റാര്‍ക്കും രോഗ ലക്ഷണമില്ല.
.