സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ച 59കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

കോഴിക്കോട് :സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. രോഗം സ്ഥിരീകരിച്ച 59കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കോഴിക്കോട് ആകെ 12 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്.
അതേസമയം, അമീബിക് മസ്തിഷ്‌കജ്വരം പടരുന്ന സാഹചര്യത്തില്‍ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്നതില്‍ മാര്‍ഗനിര്‍ദേശം വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി.
യൂത്ത് കോണ്‍ഗ്രസ് എറണാകുളം വൈസ് പ്രസിഡന്റ് സല്‍മാന്‍ ആണ് പരാതി നല്‍കിയത്.
ജലപീരങ്കളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധജലം ആണോ എന്ന് എന്ന് ഉറപ്പ് വരുത്തണം എന്നാണ് പരാതിയില്‍ ആവശ്യം.
സമരങ്ങളിലെല്ലാം പ്രയോഗിക്കുന്ന ജലപീരങ്കിയിലെ വെള്ളത്തിനു മഞ്ഞയോ മണ്ണിന്റേയോ നിറമാണ്. ഇത് ഏതെങ്കിലും കുളത്തിലെയോ പൊതുജലാശയത്തിലെ വെള്ളമായിരിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
വിഷയം ചൂണ്ടി കാണിച്ചു സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ശക്തമായി വെള്ളം ചീറ്റുമ്പോള്‍ മൂക്കില്‍ക്കൂടി ജലം കയറാനുള്ള സാധ്യത കൂടുതലാണ്.
രോഗഭീഷണിയുടെ സാഹചര്യത്തില്‍ സംസ്ഥാനത്തെ കുളങ്ങളും കിണറുകളും ഉള്‍പ്പെടെയുള്ള ജലസ്രോതസുകള്‍ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജലപിരങ്കിയെ കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നത്.