ജൂൺ എട്ടിന് ലോകസമാധാനത്തിനായി ഒരു മിനിറ്റ് പ്രാർഥന
ആഗോളതലത്തിൽ യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി ഈ വർഷവും ‘സമാധാനത്തിനായി ഒരു മിനിറ്റ്’ പ്രാർഥനയ്ക്ക് ആഹ്വാനം ചെയ്ത് അന്താരാഷ്ട്ര കാത്തലിക് ആക്ഷൻ ഫോറം (FIAC). ജൂൺ എട്ട് തിങ്കളാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് ഒരുമണിക്ക് ലോകമെമ്പാടുമുള്ള ജനങ്ങൾ സമാധാനത്തിനായി പ്രാർഥിക്കണമെന്ന് സംഘടന അഭ്യർഥിച്ചു.
“ഞങ്ങൾക്ക് സമാധാനം വേണം; ആയുധങ്ങളില്ലാത്ത, നിരായുധീകരണത്തിലേക്കുള്ള സമാധാനം” എന്നതാണ് ഈ വർഷത്തെ പദ്ധതിയുടെ മുഖ്യസന്ദേശം. എല്ലാവർക്കും സമാധാനം എന്ന ദൈവീകദാനം യാചിച്ചുകൊണ്ടുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനത്തെ മുൻനിർത്തിയാണ് ഈ ആപ്‍തവാക്യം രൂപീകരിച്ചിരിക്കുന്നത്.
അനേകം സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ലോകത്തിൽ, ഓരോ വ്യക്തിയും അവർ ആയിരിക്കുന്ന ഇടങ്ങളിൽ (വീട്, ജോലിസ്ഥലം, വിദ്യാലയങ്ങൾ, സർവകലാശാലകൾ) തങ്ങളുടെ പ്രവർത്തനങ്ങൾ 60 സെക്കൻഡ് നേരത്തേക്ക് നിർത്തിവച്ച് ഈ ലക്ഷ്യത്തിനായി പ്രാർഥിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം 2014 ൽ വത്തിക്കാനിൽ നടന്ന ചരിത്രപ്രധാനമായ സമാധാന പ്രാർഥനാസംഗമത്തിനു ശേഷമാണ് ഈ കാമ്പയിന് തുടക്കമിട്ടതെന്ന് സംഘാടകർ വ്യക്തമാക്കി. അന്ന് നടന്ന സംഗമത്തിൽ ഓർത്തഡോക്സ് പാത്രിയർക്കീസ് ബർത്തലോമിയോ ഒന്നാമൻ, അന്നത്തെ ഇസ്രായേൽ പ്രസിഡന്റ് ഷിമോൺ പെരസ്, പലസ്തീൻ നാഷണൽ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവർ പങ്കെടുത്തിരുന്നു.