ഓരോ ജീവനക്കാരനും ഒരു ലക്ഷം രൂപ; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി വസ്ത്രവ്യാപാരിയുടെ ദീപാവലി സമ്മാനം
ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതം ബോണസ് നല്‍കി വസ്ത്രവ്യാപാരി. രാംസ്വരൂപ് മുണ്ടെയാണ് തന്റെ 20 ജീവനക്കാര്‍ക്ക് ദീപാവലി ആഘോഷിക്കുന്നതിനായി പണം നല്‍കിയത്. നോട്ടുകെട്ടുകള്‍ അടുക്കിവെച്ചിരിക്കുന്ന മോശക്കരികില്‍ ഉടമയും ജീവനക്കാരും ഒത്തുകൂടി നില്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിച്ചു.
മേശയിന്മേല്‍ വെള്ളി നിറത്തിലുള്ള പൂജ പ്ലേറ്റില്‍ 10, 20, 50, 100, 200, 500 രൂപകളുടെ പുതിയ കറന്‍സി നോട്ടുകള്‍ ഭംഗിയായി അടുക്കിവെച്ച ദൃശ്യങ്ങളാണ് വൈറലായത്. ബോണസ് കൈമാറുമ്പോള്‍ വികാരഭരിതരാകുന്ന ജീവനക്കാരുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ചടങ്ങില്‍ മുണ്ടയുടെ കുടുംബവും പങ്കെടുത്തു.
ജീവനക്കാരുടെ കഠിനപ്രയത്നവും സമര്‍പ്പണബോധവും തന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചതായി രാംസ്വരൂപ് മുണ്ടെ വിശ്വസിക്കുന്നു. ആ വളര്‍ച്ചയുടെ ഒരു പങ്ക് ജീവനക്കാര്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് വിശ്വസിക്കുന്നതെന്നും മുണ്ടെ പറഞ്ഞു. സംഭവം ചര്‍ച്ചയായതോടെ സ്വന്തം മുതലാളിമാരെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ച് എക്‌സ് ഉപയോക്താക്കള്‍ മുണ്ടെയ്ക്ക് ആശംസകള്‍ നേര്‍ന്നു.
അതേസമയം, ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഛത്തീസ്ഗഡിലെ ബസ്തറില്‍ സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി രാപ്പകല്‍ പ്രവര്‍ത്തിക്കുന്ന വിവിധ സേനാവിഭാഗങ്ങളിലെ ജവാന്മാരുടെ സേവനങ്ങളെ പ്രധാനമന്ത്രി പ്രത്യേകം അനുസ്മരിച്ചു.
സിആര്‍പിഎഫ്, കോബ്ര, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സംസ്ഥാന പൊലീസ് സേനകള്‍, ബസ്തര്‍ ഫൈറ്റേഴ്സ്, പ്രത്യേക കമാന്‍ഡോകള്‍, വനിതാ പോരാളികള്‍ എന്നിവരുടെ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. രാജ്യം സൈനികരോട് കടപ്പെട്ടിരിക്കുന്നുവെന്നും കോടിക്കണക്കിന് ജനങ്ങള്‍ അവരുടെ സേവനത്തില്‍ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു. അതിര്‍ത്തികളിലും രാജ്യത്തിനകത്തും സുരക്ഷയൊരുക്കുന്ന എല്ലാ ജവാന്മാര്‍ക്കും ദീപാവലി ആശംസകളും നേര്‍ന്നു.