രണ്ട് യാത്രക്കാര്‍ക്ക് ഒരു പുതപ്പ്. എ.സി ക്ലാസ് ടിക്കറ്റെടുത്തിട്ടും ദുരിതം! റെയില്‍വേയ്ക്ക് 25,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍
ഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ എ.സി ക്ലാസ് യാത്രക്കാരന് പുതപ്പ് ലഭ്യമാക്കാതിരുന്ന സംഭവത്തില്‍ റെയില്‍വേയ്ക്ക് 25,000 രൂപ പിഴ വിധിച്ചു. രണ്ട് യാത്രക്കാര്‍ക്കായി ഒരു പുതപ്പ് മാത്രം നല്‍കിയതിലും, സേവനത്തില്‍ വീഴ്ച വരുത്തിയെന്നും കണ്ടെത്തിയാണ് ഡല്‍ഹി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
2022 ഒക്ടോബര്‍ 28-ന് പ്രയാഗ്രാജില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രെയിനില്‍ ആര്‍.എ.സി. ടിക്കറ്റിലായിരുന്നു പരാതിക്കാരന്റെ യാത്ര. മറ്റൊരു യാത്രക്കാരനൊപ്പം ഒരേ സീറ്റ് പങ്കിട്ടാണ് അദ്ദേഹം യാത്രചെയ്തത്. യാത്രയ്ക്കിടെ റെയില്‍വേ അറ്റന്‍ഡന്റ് ഇരുവര്‍ക്കുമായി ഒരു പുതപ്പ്, ഒരു തലയണ, രണ്ട് ബെഡ്ഷീറ്റ് എന്നിവ മാത്രമാണ് നല്‍കിയത്. അപരിചിതരായ രണ്ട് യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ ഒരു പുതപ്പ് മാത്രം നല്‍കിയത് വലിയ അസൗകര്യമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
2009-ലെ കേന്ദ്ര സര്‍ക്കുലര്‍ പ്രകാരം ആര്‍.എ.സി. യാത്രക്കാര്‍ക്കും പുതപ്പും ബെഡ്ഷീറ്റും നല്‍കണമെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഇതിനുള്ള ചാര്‍ജ് ടിക്കറ്റില്‍തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഈ സൗകര്യം നിഷേധിക്കാനാവില്ല. പുതപ്പ് ലഭ്യമാക്കാതിരുന്നതിന് റെയില്‍വേ, കരാറുകാരന് 1000 രൂപ പിഴ ചുമത്തിയെങ്കിലും പരാതിക്കാരനെ അറിയിക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്തിരുന്നില്ല. കമ്മീഷന് മുന്‍പില്‍ ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും റെയില്‍വേയ്ക്ക് കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് സേവനത്തിലെ വീഴ്ചയ്ക്ക് റെയില്‍വേ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കമ്മീഷന്‍, യാത്രക്കാരനുണ്ടായ മാനസികപീഡനത്തിനും അസൗകര്യത്തിനും നഷ്ടപരിഹാരമായി 20,000 രൂപയും കേസിന്റെ ചിലവിനായി 5,000 രൂപയും ചേര്‍ത്ത് ആകെ 25,000 രൂപ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് യാത്രക്കാരന്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഡല്‍ഹി കമ്മീഷന്റെ അധികാര പരിധിയില്‍ വരുന്നതല്ല ഈ പരാതിയെന്ന ഉത്തര റെയില്‍വേയുടെ വാദവും കമ്മീഷന്‍ തള്ളി.