ഓണാഘോഷം വെള്ളത്തിലായേക്കും, അടുത്ത ആഴ്ച പുതിയ ന്യൂനമർദം വരുന്നു

തിരുവനന്തപുരം: വരും ദിവസങ്ങളിൽ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
അതേസമയം, സെപ്റ്റംബർ 2,3 തീയതികളിൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിന് സാധ്യതയുണ്ട്. ആ ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്നാണ് സൂചന.
സെപ്റ്റംബർ മൂന്നിന് മഴ മുന്നറിയിപ്പിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളിയുടെ ഓണാഘോഷം വെള്ളത്തിൽ മുങ്ങുമെന്നർഥം.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
നിലവിൽ, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ ശക്തമായ മഴയുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. കോഴിക്കോട് കക്കയത്ത് കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ 6046 മില്ലീ ലിറ്റർ മഴ ലഭിച്ചുവെന്നാണ് കണക്ക്.