ആഫ്രിക്കന്‍ പര്യടനത്തിന്റെ ഏഴാം ദിനത്തില്‍ അംഗോളയിലെ കിലാംബയില്‍ ദിവ്യബലിയര്‍പ്പിച്ചും മാമാ മുക്സിമ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ജപമാല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയും ലിയോ മാര്‍പാപ്പ
ലുവാണ്ട: ആഫ്രിക്കന്‍ പര്യടനത്തിന്റെ ഏഴാം ദിനത്തില്‍ അംഗോളയിലെ കിലാംബയില്‍ ദിവ്യബലിയര്‍പ്പിച്ചും മാമാ മുക്സിമ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ജപമാല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയും ലിയോ 14-ാമന്‍ മാര്‍പാപ്പ. ഞായറാഴ്ച രാവിലെ തലസ്ഥാനമായ ലുവാണ്ടയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കിലാംബയില്‍ പാപ്പയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ക്രിസ്തുവില്‍ കണ്ണുകള്‍ ഉറപ്പിക്കാനും അജപാലകരെ വിശ്വസിക്കാനും സഭയുടെ പ്രബോധനങ്ങളോട് വിശ്വസ്തത പുലര്‍ത്താനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിശ്വാസികളെ പാപ്പ ആഹ്വാനം ചെയ്തു.
ദീര്‍ഘകാലം നീണ്ടുനിന്ന ആഭ്യന്തര യുദ്ധവും അതിന്റെ ഫലമായുണ്ടായ ദാരിദ്ര്യവും വിഭജനങ്ങളും അംഗോളയെ തളര്‍ത്തിയെന്ന് പാപ്പ നിരീക്ഷിച്ചു. എന്നാല്‍ ദൈവം കൂടെയുണ്ടെന്ന ബോധ്യത്തോടെ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു.
ഉച്ചകഴിഞ്ഞ് അംഗോളയിലെ ഏറ്റവും പ്രധാന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മുക്സിമയില്‍ ജപമാല പ്രാര്‍ത്ഥനയ്ക്ക് പാപ്പ നേതൃത്വം നല്‍കി. കിംബുണ്ടു ഭാഷയില്‍ ‘ഹൃദയത്തിന്റെ അമ്മ’ എന്നറിയപ്പെടുന്ന മാമാ മുക്സിമ അംഗോളന്‍ വിശ്വാസികളുടെ ആത്മീയതയുടെ പ്രധാന ഭാഗമാണ്. മാമാ മുക്സിമയുടെ രൂപത്തിന് മുന്നില്‍ വെള്ളപ്പൂക്കള്‍ സമര്‍പ്പിച്ച പാപ്പ ഒരോ വ്യക്തിയെയും മാതൃഹൃദയത്തിന്റെ വാത്സല്യത്തോടെ സ്നേഹിക്കുവാന്‍ ജപമാല പ്രാര്‍ത്ഥന പ്രതിജ്ഞാബദ്ധമാക്കുമെന്ന് പറഞ്ഞു. മാമാ മുക്സിമ എല്ലാവരെയും സ്നേഹിക്കുകയും ശ്രവിക്കുകയും എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി പാപ്പ കൂട്ടിച്ചേര്‍ത്തു.