വത്തിക്കാനില്‍ നടക്കുന്ന യുവജന ജൂബിലിയോടനുബന്ധിച്ച്, റോമിലെ ചിര്‍ക്കോ മാസിമോയില്‍ അനുരഞ്ജന കൂദാശ സ്വീകരിച്ച് പതിനായിര കണക്കിന് യുവജനങ്ങള്‍

 
rome

റോം: വത്തിക്കാനില്‍ നടക്കുന്ന യുവജന ജൂബിലിയോടനുബന്ധിച്ച്, റോമിലെ ചിര്‍ക്കോ മാസിമോയില്‍ അനുരഞ്ജന കൂദാശ സ്വീകരിച്ച് പതിനായിര കണക്കിന് യുവജനങ്ങള്‍. ഇന്നലെ ആഗസ്റ്റ് ഒന്നാം തീയതി പ്രാദേശിക സമയം രാവിലെ പത്തുമണി മുതല്‍ നടന്ന അനുരഞ്ജന കൂദാശ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പതിനായിരകണക്കിന് യുവജനങ്ങളാണ് വലിയ തയാറെടുപ്പ് നടത്തി സ്വീകരിച്ചത്.

യുവജനങ്ങള്‍ക്ക്, കുമ്പസാരത്തിനു ഒരുങ്ങുന്നതിനു യൂകാറ്റ് ഫൗണ്ടേഷന്റെയും, സുവിശേഷവത്ക്കരണ ഡിക്കാസ്റ്ററിയുടെയും സംയുക്താഭിമുഖ്യത്തില്‍ 'യൂകാറ്റ് കുമ്പസാരം' എന്ന പുസ്തകത്തിന്റെ പതിനായിരത്തോളം പ്രതികളാണ് സൗജന്യമായി വിതരണം ചെയ്തത്. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നിങ്ങനെ വിവിധ ഭാഷകളില്‍ ഈ പുസ്തകം ലഭ്യമാക്കി. ജൂബിലിക്കായി എത്തിയ യുവജനങ്ങളെ അനുരഞ്ജനത്തിന്റെ കൂദാശയിലേക്ക് അടുപ്പിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിട്ടത്.


'യേശു നിങ്ങള്‍ക്കായി തുറന്ന കൈകളോടെ കാത്തിരിക്കുന്നു' എന്നാണ് പുസ്തകത്തിന്റെ ആമുഖത്തില്‍, സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് ആര്‍ച്ച് ബിഷപ്പ് റിനോ ഫിസിക്കേലാ കുറിച്ചിരിക്കുന്നത്. യുവജനങ്ങള്‍ക്ക് ദൈവത്തെ കണ്ടുമുട്ടാനുള്ള അവസരമെന്ന നിലയില്‍ അനുരഞ്ജന കൂദാശയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, ദൈവം തന്റെ അനന്തമായ സ്‌നേഹത്താലും കരുണയാലും നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ് ഈ കൂദാശയുടെ വ്യത്യസ്തതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന യുവജന ജൂബിലി വേളയില്‍, വിവിധ സാംസ്‌കാരിക പരിപാടികള്‍, പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍, കൂട്ടായ്മകള്‍, വിശുദ്ധ വാതില്‍ പ്രവേശനം, അനുരഞ്ജനകൂദാശ സ്വീകരണം, ജാഗരണ പ്രാര്‍ത്ഥനകള്‍, ആരാധനകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നും നാളെയുമാണ് പ്രധാന ആഘോഷം. 2000-ല്‍ ലോക യുവജന ആഘോഷത്തിനായി ഉപയോഗിച്ചിരുന്ന വലിയ മൈതാനമായ ടോര്‍ വെര്‍ഗറ്റയിലാണ് പ്രധാന സംഗമം നടക്കുന്നത്. ഇവിടെ നാളെ നടക്കുന്ന വിശുദ്ധ ബലിയര്‍പ്പണത്തില്‍ ലെയോ പതിനാലാമന്‍ പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും.


 

Tags

Share this story

From Around the Web