മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ചരമവാർഷിക ദിനത്തിൽ സുപ്രധാനമായ മൂന്ന് ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് ഇടുക്കി രൂപത
May 1, 2026, 21:36 IST
ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ചരമവാർഷിക ദിനത്തിൽ സുപ്രധാനമായ മൂന്ന് ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് ഇടുക്കി രൂപത. ഭവനനിർമ്മാണം, ആരോഗ്യ സുരക്ഷ, ഉന്നതവിദ്യാഭ്യാസം എന്നിവ കേന്ദ്രീകരിച്ചുള്ള പദ്ധതികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും കബറിടത്തിലെ പ്രാർത്ഥന ശുശ്രൂഷകൾക്കും ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പദ്ധതികളുടെ പ്രഖ്യാപനം നടത്തി. മലയോര മണ്ണിനുവേണ്ടി പൂർണ്ണമായ സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു മാർ മാത്യു ആനിക്കുഴികാട്ടിലിന്റേത് എന്ന് മാർ ജോൺ നെല്ലിക്കുന്നേൽ അനുസ്മരിച്ചു. ഇന്ന് രാവിലെ 6.15ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും തുടർന്ന് കബറിടത്തിൽ നടന്ന അനുസ്മരണ പ്രാർത്ഥനകൾക്കും ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ കാർമികത്വം വഹിച്ചു. രൂപതാ കേന്ദ്രത്തിലെ വൈദികർ സഹകാർമികരായിരുന്നു. 2028-ൽ ഇടുക്കി രൂപത സ്ഥാപിതമായതിന്റെ 25-ാം വാർഷികം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ഭവനരഹിതരായ പരമാവധി ആളുകൾക്ക് വീട് നിർമ്മിച്ചു നൽകും. രൂപതയിലെ ഇടവകകൾ, സന്യാസ ഭവനങ്ങൾ, ഭക്തസംഘടനകൾ എന്നിവയുടെ സഹകരണത്തോടെയായിരിക്കും ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുക. മാർ മാത്യു ആനിക്കുഴികാട്ടിൽ പിതാവിന്റെ സ്മരണാർത്ഥം നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ആദ്യ സഹായനിധി വിൻസെന്റ് ഡി പോൾ സംഘടനയുടെ രൂപതാ പ്രസിഡണ്ട് സണ്ണി കടുകുംമാക്കലിന് മെത്രാൻ കൈമാറി. ഡയാലിസിസ്ന് വിധേയരാകുന്ന രോഗികളെ സഹായിക്കുകയാണ് രണ്ടാമത്തെ പദ്ധതി. രൂപതയുടെ സാമൂഹിക ക്ഷേമ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഉദാരമതികളായ ആളുകളുടെ സഹകരണത്തോടെ പരമാവധി ഡയാലിസിസ് രോഗികൾക്ക് സഹായം നൽകുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പഠനത്തിൽ മികവുപുലർത്തുകയും സാമ്പത്തികമായി പിന്നോക്കം നൽകുകയും ചെയ്യുന്ന ഭവനങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം നൽകുകയാണ് മൂന്നാമത്തെ പദ്ധതി. ടീച്ചേഴ്സ് ഗിൽഡിന്റെ സഹകരണത്തോടെ രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കോതമംഗലം രൂപത വിഭജിച്ച് 2003 ൽ ഇടുക്കി രൂപത രൂപീകരിക്കപ്പെട്ടപ്പോൾ രൂപതയുടെ ഇടയനായി സഭ നിയമിച്ചത് ഹൈറേഞ്ചുകാരനായ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിനെയായിരുന്നു. പതിനഞ്ച് വർഷത്തെ ഇടയശുശ്രൂഷ പൂർത്തിയാക്കി 2010 ൽ അദ്ദേഹം വിരമിച്ചു. 2020 മെയ് 01 നാണ് അദ്ദേഹം അന്തരിച്ചത്.