വിശുദ്ധ ക്ലാരയുടെ തിരുനാള്‍ ദിനത്തില്‍, ബസിലിക്കയില്‍ വിശുദ്ധ ബലിയര്‍പ്പിച്ച് കര്‍ദിനാള്‍ സൂപ്പി

വത്തിക്കാന്‍:നിരായുധീകരണത്തിന്റെ സന്ദേശം ലോകത്തിനു നല്‍കുന്നതാണ് വിശുദ്ധ ക്ലാരയുടെ ജീവിതമാതൃകയെന്ന് ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കര്‍ദിനാള്‍ മത്തേയോ സൂപ്പി വിശുദ്ധ ബലിയര്‍പ്പിച്ച് സന്ദേശം നല്‍കി.
അസീസിയിലെ വിശുദ്ധ ക്ലാരയുടെ തിരുനാള്‍ ദിനമായ ഇന്നലെ വിശുദ്ധയുടെ ഭൗതീകശരീരം അടക്കം ചെയ്തിരിക്കുന്ന ബസിലിക്കയില്‍ വിശുദ്ധ ബലിക്ക് സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ഭരണാധികാരികളും പങ്കെടുത്തു.
ക്രൈസ്തവര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും വിശുദ്ധ ക്ലാര ഒരു ഉദാഹരണമാണെന്നും കര്‍ദിനാള്‍ അടിവരയിട്ടു പറഞ്ഞു.
നമ്മെ കുറിച്ചും നാം അധിവസിക്കുന്ന ലോകത്തിന്റെ ചുറ്റുപാടുകളെക്കുറിച്ചും മനസ്സിലാക്കണമെങ്കില്‍ നമ്മുടെ ദൃഷ്ടികള്‍ വിശുദ്ധ ക്ലാരയെപോലെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തണമെന്നും ദൈവത്തിന്റെ സ്‌നേഹത്താല്‍ നയിക്കപ്പെടുവാന്‍ നമ്മെത്തന്നെ വിട്ടുകൊടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മനുഷ്യന്‍ എപ്പോള്‍ തന്നെത്തന്നെ ദൈവമായി പ്രതിഷ്ഠിക്കുന്നുവോ അപ്പോള്‍ ഈ ഭൂമിയില്‍ തന്നെ അവന്റ നരകം അവന്‍ പണിയുന്നുവെന്നും കര്‍ദിനാള്‍ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ വിശുദ്ധയുടെ സാക്ഷ്യം ഉള്‍ക്കൊണ്ടുകൊണ്ട്, യഥാര്‍ത്ഥവും അനുരഞ്ജനപരവുമായ ജീവിതത്തിന്റെ പറുദീസകള്‍ പണിയാന്‍ നാം സ്വയം പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
തുടര്‍ന്ന് വിശുദ്ധ ക്ലാര കാട്ടിത്തരുന്ന സമൂഹജീവിതത്തിന്റെയും കൂട്ടായ്മയുടെയും മാതൃകയും കര്‍ദിനാള്‍ അനുസ്മരിച്ചു. 'പരസ്പരം സ്‌നേഹിക്കുക' എന്ന കല്‍പ്പനയിലൂടെ യേശു ഈ കൂട്ടായ്മ പണിതുയര്‍ത്തുവാനാണ് നമ്മെ ക്ഷണിച്ചിരിക്കുന്നത്.
ദൈവവുമായി പൂര്‍ണ്ണമായി ഐക്യത്തോടെ ജീവിക്കാനുള്ള ഒരു സ്ഥലമാണ് കൂട്ടായ്മ എന്നതുകൊണ്ട് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ പ്രാര്‍ത്ഥന യുദ്ധത്തേക്കാള്‍ ശക്തമാണെന്ന് വിശുദ്ധയുടെ ജീവിതം എടുത്തു പറഞ്ഞുകൊണ്ട് കര്‍ദിനാള്‍ അടിവരയിട്ടു. നാം നിരായുധരായാല്‍ മാത്രമേ തിന്മയെ നിരായുധമാക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.