തിങ്കളാഴ്ച മകള്‍ക്ക് ജന്മദിനാശംസ നേരാന്‍ കാത്തിരുന്ന അച്ഛനെത്തേടി തലേദിവസം എത്തിയത് മകളുടെ മരണവാര്‍ത്ത

 
DAUGHTER

തിരുവനന്തപുരം: തിങ്കളാഴ്ച മകള്‍ക്ക് ജന്മദിനാശംസ നേരാന്‍ കാത്തിരുന്ന അച്ഛനെത്തേടി തലേദിവസം എത്തിയത് മകളുടെ മരണവാര്‍ത്ത. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സുഹൃത്തിന്റെ കുത്തേറ്റു ആന്‍ മേരി മാത്യു മരിച്ചെന്ന വിവരം പിതാവ് ജിജി മാത്യുവിനെ തളര്‍ത്തി. കേശവദാസപുരം കാക്കനാട് ലെയ്നിലെ മറ്റത്ത് വീട്ടില്‍ ഒറ്റയ്ക്ക് ആ വിയോഗത്തിന്റെ വേദനയില്‍ വെന്തുരുകുകയാണ് ജിജി മാത്യു.

തിങ്കളാഴ്ച 40-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ആനിന്റെ വിയോഗം. ജൂണില്‍ ജിജി മാത്യുവിന്റെ 70-ാം ജന്മദിനം ആഘോഷിക്കാനാണ് ആനും കുടുംബവും അവസാനമായി നാട്ടിലെത്തിയത്. 2018-ല്‍ പ്ലാമൂട്-പി.എം.ജി. റോഡില്‍ നടന്ന അപകടത്തില്‍ ഭാര്യ ബെസ്സി മാത്യുവിനെ നഷ്ടമായ ജിജിക്ക് പെണ്‍മക്കളായിരുന്നു കരുത്ത്.

ജിജിയും ഭാര്യ ബെസ്സിയും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ കെ.എസ്.ആര്‍.ടി.സി.യുടെ സൂപ്പര്‍ഫാസ്റ്റ് ബസ് തട്ടുകയും സ്‌കൂട്ടറില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ ബെസ്സിയുടെ ശരീരത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ ബെസ്സി മരണപ്പെട്ടു. ആ വിയോഗത്തിന്റെ ആഘാതത്തില്‍നിന്ന് കരകയറുന്നതിനിടെയാണ് മൂത്ത മകളുടെ മരണവാര്‍ത്തയെത്തുന്നത്.


നാലുവര്‍ഷം മുന്‍പാണ് ആന്‍ മേരി മാത്യു (40) ഭര്‍ത്താവ് ജേക്കബ് ആന്‍ഡ്രൂസിനൊപ്പം കമ്പനി വിസയില്‍ അമേരിക്കയിലേക്ക് പോകുന്നത്. ആന്‍ഡ്രീന (12), അലീസ (5) എന്ന രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷമായി ജീവിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.


അബന മാര്‍ത്താ മാത്യുവാണ് ആനിന്റെ സഹോദരി. സഹോദരിയും കുടുംബവും മസ്‌കറ്റിലാണ് താമസിക്കുന്നത്. കൊല നടത്തിയ അനിലയെ അമേരിക്കയില്‍ മകള്‍ക്കൊപ്പം താമസിക്കാന്‍ പോയപ്പോള്‍ ജിജി മാത്യു കണ്ടിട്ടുണ്ട്. അയല്‍വാസിയും അടുത്ത സുഹൃത്തുമായ അനില ആനിനെ കൊലപ്പെടുത്തിയെന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഞെട്ടലിലാണ് കുടുബം.


മരണവിവരമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും മറ്റത്ത് വീട്ടില്‍ രാവിലെമുതല്‍ എത്തുന്നുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും കോട്ടയത്തെ ഭര്‍തൃവീട്ടിലേക്കായിരിക്കും മൃതദേഹം കൊണ്ടുപോവുകയെന്നും കൗണ്‍സിലര്‍ ത്രേസ്യാമ്മ തോമസ് പറഞ്ഞു.

Tags

Share this story

From Around the Web