2024 ഡിസംബര്‍ 24-ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്ത വിശുദ്ധ വര്‍ഷത്തിന്റെ സമാപനത്തിന് ഏതാനും ആഴ്ചകള്‍ കൂടി മാത്രം
വത്തിക്കാന്‍ സിറ്റി: 2024 ഡിസംബര്‍ 24-ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്ത വിശുദ്ധ വര്‍ഷത്തിന്റെ സമാപനത്തിന് ഏതാനും ആഴ്ചകള്‍ കൂടി മാത്രം.
2026 ജനുവരി 6-ന്, വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വെങ്കല വാതില്‍ ലിയോ 14-ാമന്‍ പാപ്പ അടയ്ക്കുന്നതോടെ 2025 ജൂബിലി വര്‍ഷത്തിന് സമാപനമാകും.
12 മാസത്തിനിടെ ഏകദേശം 30 ദശലക്ഷം തീര്‍ത്ഥാടകര്‍ വിശുദ്ധ വാതിലിലൂടെ കടന്നുപോയതായി കണക്കാക്കുന്നു. സഭ അസാധാരണ വിശുദ്ധ വീണ്ടെടുപ്പ് വര്‍ഷമായി ആഘോഷിക്കുന്ന 2033-ല്‍ വിശുദ്ധ വാതില്‍ വീണ്ടും തുറക്കും.
2025 ജൂബിലി വര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആദ്യം അടയ്ക്കുന്ന വിശുദ്ധ വാതില്‍ സെന്റ് മേരി മേജര്‍ ബസിലിക്കയുടേതാണ്. ക്രിസ്മസ് ദിനത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്കും ദിവ്യബലിക്കും ബസിലിക്കയിലെ കര്‍ദിനാള്‍ ആര്‍ച്ച്പ്രീസ്റ്റ് റോളാന്‍ഡാസ് മാക്രിക്കാസ് കാര്‍മികത്വം വഹിക്കും.
രണ്ട് ദിവസത്തിന് ശേഷം, ഡിസംബര്‍ 27-ന് സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ നടക്കുന്ന സമാപന ചടങ്ങുകള്‍ക്ക് റോമ രൂപതയുടെ വികാരി കര്‍ദിനാള്‍ ബാല്‍ദസാരെ റെയ്‌ന കാര്‍മികത്വം വഹിക്കും. ഡിസംബര്‍ 28-ന് പ്രാദേശിക സമയം രാവിലെ 10 മണിക്ക്, സെന്റ് പോള്‍ ഔട്ട്‌സൈഡ് ദി വാള്‍സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ അടയ്ക്കും.
ആര്‍ച്ച്പ്രീസ്റ്റ് കര്‍ദിനാള്‍ ജെയിംസ് മൈക്കല്‍ ഹാര്‍വി കാര്‍മികത്വം വഹിക്കും. ഒടുവില്‍, 2026 ജനുവരി 6 ന്, പ്രത്യക്ഷീകരണ തിരുനാള്‍ ദിനത്തില്‍, ലിയോ 14-ാമന്‍ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ അടയ്ക്കുന്നതോടെ ജൂബിലി വര്‍ഷം ഔദ്യോഗികമായി സമാപിക്കും.