ക്രിസ്തുമസ് ദിനത്തില്‍ ദുരിതമനുഭവിക്കുന്നവരും, അഭയാര്‍ത്ഥികളുമായ രണ്ടര ലക്ഷം പേര്‍ക്ക് സാന്ത് എജീദിയോ കത്തോലിക്ക സംഘടന ഭക്ഷണം വിളമ്പി

 
SAINEIGO



റോം: ക്രിസ്തുമസ് ദിനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ദുരിതമനുഭവിക്കുന്നവരും, അഭയാര്‍ത്ഥികളുമായ രണ്ടര ലക്ഷം പേര്‍ക്ക് സാന്ത് എജീദിയോ കത്തോലിക്ക സംഘടന ഭക്ഷണം വിളമ്പി. 


ഇറ്റലിയില്‍ മാത്രം എണ്‍പതിനായിരം ആളുകള്‍ക്കാണ് സംഘടന അന്നം വിളമ്പിയതെന്ന് സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. 


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, സന്നദ്ധപ്രവര്‍ത്തകരും, ഭവനരഹിതരും, ഒറ്റയ്ക്ക് ജീവിക്കുന്ന വയോധികരും, മാനവിക ഇടനാഴികള്‍ വഴി എത്തിയ അഭയാര്‍ത്ഥികളും ഉള്‍പ്പെടുന്ന രണ്ടര ലക്ഷത്തോളം ആളുകള്‍ക്കാണ് തിരുപിറവി ദിനത്തില്‍ സഹായം നല്‍കിയത്.

ഉച്ചഭക്ഷണവിതരണത്തിന്റെ ഭാഗമായി ഇറ്റലിയില്‍, റോമിലെ ത്രസ്‌തേവരെയില്‍ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ഒരു ദേവാലയത്തിലുള്‍പ്പെടെ, എണ്‍പതിനായിരം ആളുകള്‍ക്കാണ് സംഘടന അന്നം വിളമ്പിയത്. 


വേദനയനുഭവിക്കുന്ന എല്ലാവരും ഒരു കുടുംബത്തിന്റെ ഭാഗമാണെന്നും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ക്രിസ്തുമസ് ദിനത്തിലെ ഈ ഭക്ഷണവിതരണമെന്ന്, പത്രക്കുറിപ്പിലൂടെ സംഘടന പ്രസ്താവിച്ചു.

ശബ്ദമില്ലാത്തവരും സ്വന്തമായി കിടപ്പിടമില്ലാത്തവരുമായ മനുഷ്യര്‍ ഒന്നിച്ച് വന്നത്, ഏവരുടെയും പ്രത്യാശയെ ശക്തിപ്പെടുത്തുന്നതാണെന്നും, ഇന്നത്തെ ലോകത്തിന് ആവശ്യമുള്ള സമാധാനത്തിന്റെ സന്ദേശം കൂടിയാണ് ഇതെന്നും, സംഘടനയുടെ സ്ഥാപകനായ അന്ദ്രെയാ റിക്കാര്‍ദി പറഞ്ഞു. 

ക്രിസ്തുമസ് ദിനത്തിലും വര്‍ഷം മുഴുവനും, നഗരത്തില്‍ ആരും ഒറ്റയ്ക്ക് ഉപേക്ഷിക്കപ്പെടുന്നില്ലെന്നും, അവഗണിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കുന്നതിനായി സംഘടന ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് റോം നഗരത്തിന്റെ മേയര്‍ റൊബെര്‍ത്തോ ഗ്വല്‍ത്തിയേരി നന്ദി പറഞ്ഞു.

Tags

Share this story

From Around the Web