പുസ്തകദിനത്തിൽ ലോകമെമ്പാടുമുള്ള കുട്ടികൾക്ക് ബൈബിൾ സമ്മാനിക്കാൻ സഹായം തേടി എ.സി.എൻ.
ലോക പുസ്തകദിനത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ കുട്ടികൾക്ക് ‘കുട്ടികളുടെ ബൈബിൾ’ (Children’s Bible) വിതരണം ചെയ്യുന്നതിനായി വിശ്വാസികളുടെ സഹായം തേടി അന്താരാഷ്ട്ര കത്തോലിക്കാ സന്നദ്ധസംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN). ദശകങ്ങളായി സംഘടന തുടർന്നുവരുന്ന ഏറ്റവും വലിയ പ്രേഷിതദൗത്യങ്ങളിൽ ഒന്നാണിത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും സ്വന്തമായി ഒരു പുസ്തകം പോലുമില്ലാത്ത ലക്ഷക്കണക്കിന് കുട്ടികളുണ്ടെന്ന് എ.സി.എൻ. സ്പെയിൻ പുറത്തിറക്കിയ സന്ദേശത്തിൽ പറയുന്നു.
പല കുട്ടികൾക്കും അവരുടെ ജീവിതത്തിൽ ആദ്യമായി ലഭിക്കുന്ന പുസ്തകം ‘ദൈവം തന്റെ മക്കളോട് സംസാരിക്കുന്നു’ (God Speaks to His Children) എന്ന ഈ കുട്ടിബൈബിൾ ആയിരിക്കും.
“ഇത് കുട്ടികളെ ദൈവത്തോട് അടുപ്പിക്കുക മാത്രമല്ല, അവരെ വായന പഠിക്കാനും ലോകത്തെക്കുറിച്ച് മനസ്സിലാക്കാനും പ്രത്യാശയോടെ ജീവിക്കാനും സഹായിക്കുന്നു” എന്ന് സംഘടന വ്യക്തമാക്കി.
ദാരിദ്ര്യം, യുദ്ധം, മതപീഡനം എന്നിവ അനുഭവിക്കുന്ന നാടുകളിലെ കുട്ടികൾക്ക് ഈ ചെറിയ പുസ്തകം വലിയൊരു കരുത്തായിരിക്കുമെന്ന് എ.സി.എൻ. ചൂണ്ടിക്കാട്ടി.
2025 ലെ ജൂബിലി വർഷത്തിൽ മാത്രം കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പതിനായിരത്തോളം പ്രതികളാണ് വിതരണം ചെയ്തത്.
വിശ്വാസത്തിന്റെ ഈ വെളിച്ചം ലോകത്തിന്റെ അതിർത്തികളിലേക്ക് എത്തിക്കാൻ ഓരോരുത്തരും പങ്കാളികളാകണമെന്നും സംഘടന ആഹ്വാനം ചെയ്തു.