ഒമാൻ വിലക്കിൽ തമിഴ്നാടിൻ്റെ മുട്ടവിപണിക്ക് തിരിച്ചടി. നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറുകോടി മുട്ടകൾ. കേരളത്തിൽ മുട്ട വില കുറയും
കോട്ടയം: പക്ഷിപ്പനിയെത്തുടർന്ന് ഒമാൻ ഏർപ്പെടുത്തിയ ഇറക്കുമതി നിരോധനവും ശബരിമല സീസണിൽ ആഭ്യന്തര ഉപഭോഗത്തിലുണ്ടായ കുറവും തമിഴ്നാട്ടിലെ മുട്ടവിപണിക്ക് കനത്ത തിരിച്ചടിയാകുന്നു.
കയറ്റുമതി തടസപ്പെട്ടതോടെ തമിഴ്നാട്ടിലെ നാമക്കൽ ഫാമുകളിൽ മാത്രം ആറുകോടിയോളം മുട്ടകളാണ് വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുന്നത്. ഇവ കേരളത്തിലേക്ക് അടക്കം എത്തിക്കാനാകും നീക്കം.
ഇതോടെ വരുംദിവസങ്ങളിൽ മുട്ടവില ഇനിയും താഴുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചന.
നവംബർ 7 മുതൽ 22 വരെയുള്ള കാലയളവിൽ നാമക്കല്ലിലെ മുട്ട സംഭരണവിലയിൽ 1.10 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഒക്ടോബറിൽ 6.30 രൂപയായിരുന്ന ചില്ലറവില നവംബർ പകുതിയോടെ 9 രൂപയ്ക്ക് അടുത്തെത്തിയിരുന്നു.
ക്രിസ്മസ്-ന്യൂഇയർ സീസണിൽ കേക്ക് നിർമാണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഡിമാൻഡ് ഉയരുന്നത് മുതലെടുക്കാൻ തമിഴ്നാട്ടിലെ ഇടനിലക്കാർ വില കുത്തനെ ഉയർത്താൻ ആസൂത്രിത നീക്കം നടത്തിയിരുന്നു.
എന്നാൽ, ഒമാന്റെ അപ്രതീക്ഷിത വിലക്ക് ഇടനിലക്കാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
നാമക്കല്ലിൽ നിന്നുള്ള ആകെ മുട്ട കയറ്റുമതിയുടെ 20 മുതൽ 25 ശതമാനം വരെ ഒമാനിലേക്കാണ്.
തമിഴ്നാട്ടിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഒമാൻ മുട്ട ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ 4.53 കോടി ഡോളർ മൂല്യമുള്ള 36.79 കോടി മുട്ടകളാണ് ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് കയറ്റിയയച്ചത്.
കയറ്റുമതി പ്രതിസന്ധിക്കൊപ്പം ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുട്ടയുടെ ഉപയോഗം കുറഞ്ഞതും വിപണിയെ ബാധിച്ചിട്ടുണ്ട്.
വിൽപന മന്ദഗതിയിലായതോടെ സംഭരണകേന്ദ്രങ്ങളിൽ മുട്ടകൾ കുന്നുകൂടുന്നത് വില വീണ്ടും കുറയാൻ കാരണമാകും.