വൃദ്ധജനങ്ങള്‍ പ്രത്യാശയുടെ അടയാളങ്ങള്‍, വാര്‍ദ്ധക്യം പ്രാര്‍ത്ഥിക്കാനുള്ള അവസരം: ലെയോ പതിനാലാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: വൃദ്ധജനങ്ങള്‍ പ്രത്യാശയുടെ അടയാളങ്ങളാണെന്നും വാര്‍ദ്ധക്യം പ്രാര്‍ത്ഥിക്കാനുള്ള അവസരമാണെന്നും ലെയോ പതിനാലാമന്‍ പാപ്പ.
ഇന്നലെ ജൂലൈ ഇരുപത്തിയൊന്നാം തീയതി, മാര്‍പാപ്പമാരുടെ വേനല്‍ക്കാലവസതിയായി അറിയപ്പെടുന്ന കാസില്‍ ഗണ്ടോള്‍ഫോയിലുള്ള പൊന്തിഫിക്കല്‍ കൊട്ടാരത്തോട് അനുബന്ധിച്ചുള്ള സാന്ത മാര്‍ത്ത വൃദ്ധ മന്ദിരത്തില്‍ ലെയോ പതിനാലാമന്‍ പാപ്പ സന്ദര്‍ശനം നടത്തി സന്ദേശം നല്‍കുകയായിരിന്നു.
വൃദ്ധരായവരുടെ പ്രാര്‍ത്ഥനകള്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും വളരെ വലുതാണെന്ന് പറഞ്ഞ പാപ്പ, അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി അര്‍പ്പിച്ചു.
നമ്മിലേക്ക് അടുക്കാന്‍ ആഗ്രഹിക്കുന്നത് യേശുവാണെന്നും പ്രായവ്യത്യാസമില്ലാതെ അവിടുന്നു നമ്മുടെ അതിഥിയായി കടന്നുവരുന്നുവെന്നും, അവിടുത്തെ സാക്ഷികളാകുക എന്നതാണ് നമ്മുടെ വിളിയെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി.
പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്റെയും ഈ സാക്ഷിയായി തുടരണമെന്ന ആശംസയോടെയുമാണ് ലെയോ പാപ്പ വാക്കുകള്‍ ഉപസംഹരിച്ചത്.
നേരത്തെ ഭവനത്തിന്റെ ചുമതലയുള്ള സന്യാസിനികള്‍ പാപ്പയെ സ്വാഗതം ചെയ്തു. തുടര്‍ന്ന് പാപ്പ ചെറിയ ചാപ്പലില്‍ അല്പസമയം പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചു. എണ്‍പതിനും നൂറ്റിയൊന്നിനും ഇടയില്‍ പ്രായമുള്ള ഏകദേശം 20 വൃദ്ധരായ അമ്മമാരാണ് അന്തേവാസികളായി ഭവനത്തില്‍ ഉള്ളത്.
റോമന്‍ കാലത്തുള്ള ഡോമീഷ്യ ന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം നിന്നയിടത്തുള്ള കെട്ടിടമാണ്, ഇന്ന് പാപ്പമാര്‍ വേനല്‍ക്കാലവസതിയായി ഉപയോഗിക്കുന്ന കാസില്‍ ഗണ്ടോള്‍ഫോ.
ഇതിനോട് ചേര്‍ന്നാണ് വൃദ്ധ മന്ദിരം. ഓഗസ്റ്റ് 15 മുതല്‍ 17 വരെ തീയതികളിലും ലെയോ പാപ്പ ഈ കൊട്ടാരത്തിലായിരിക്കും ചെലവഴിക്കുക.