വാര്‍ധക്യം ദൈവത്തിന്റെ സമ്മാനം; വയോജനങ്ങളെ ചേര്‍ത്തുപിടിക്കാന്‍ ആഹ്വാനം ചെയ്ത് വത്തിക്കാന്‍

 
papa

ലോകമെമ്പാടുമുള്ള വയോജനങ്ങളുടെയും മുത്തശ്ശിമുത്തച്ഛന്മാരുടെയും ആറാം ലോകദിനാചരണത്തോട് അനുബന്ധിച്ച് സഭയിലെ മുതിര്‍ന്ന തലമുറയുടെ പ്രാധാന്യവും അവരുടെ ആത്മീയദൗത്യവും ഓര്‍മ്മിപ്പിച്ച് വത്തിക്കാന്‍. 


അല്‍മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയിലെ വയോജന ശുശ്രൂഷാവിഭാഗം തലവന്‍ വിറ്റോറിയോ സ്‌കെല്‍സോയുമായി വത്തിക്കാന്‍ ന്യൂസ് നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് വയോജന സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയത്.

ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള, ''ഞാന്‍ നിന്നെ ഒരിക്കലും മറക്കില്ല'' (49:15) എന്ന തിരുവചനത്തെ ആസ്പദമാക്കിയാണ് ഈ വര്‍ഷത്തെ ലോക വയോജനദിനം ആചരിച്ചത്. 

''ആധുനിക സമൂഹത്തില്‍ വയോജനങ്ങള്‍ പലപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ, ഒറ്റപ്പെടുകയോ ചെയ്യാറുണ്ട്. എന്നാല്‍, ദൈവം അവരെ ഒരിക്കലും മറക്കുന്നില്ലെന്ന സന്ദേശമാണ് സഭ നല്‍കുന്നത്. വയോജനങ്ങള്‍ അനുഭവിക്കുന്ന ഏകാന്തതയ്ക്ക് ആശ്വാസമേകാന്‍ കുടുംബങ്ങളും ഇടവകകളും മുന്നോട്ടുവരണം.

 വയോജനങ്ങളെ കേവലം പരിചരണമോ, സാമ്പത്തിക സഹായമോ ആവശ്യമുള്ള വിഭാഗമായി മാത്രം കാണരുത്. അവര്‍ സഭാകൂട്ടായ്മയുടെ പ്രധാന ഭാഗമാണ്''  വിറ്റോറിയോ സ്‌കെല്‍സോ വ്യക്തമാക്കി.


ലോകമെമ്പാടും അക്രമങ്ങളും യുദ്ധങ്ങളും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വയോജനങ്ങളുടെ ശാന്തതയും പ്രാര്‍ഥനയും സമൂഹത്തിന് വലിയൊരു വഴികാട്ടിയാണ്. അവര്‍ സഭയുടെയും സമൂഹത്തിന്റെയും ആത്മീയകരുത്താണ്. 

ഏകാന്തത അനുഭവിക്കുന്ന വയോജനങ്ങളെയും രോഗികളെയും അവരുടെ വീടുകളിലോ, പരിചരണകേന്ദ്രങ്ങളിലോ പോയി സന്ദര്‍ശിക്കുന്നത് വലിയൊരു കരുണയുടെ പ്രവൃത്തിയാണെന്ന് വത്തിക്കാന്‍ ഓര്‍മ്മിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web