വധശിക്ഷ അവസാനിപ്പിക്കണം: കത്തോലിക്ക സഭയുടെ നിലപാട് ആവര്‍ത്തിച്ച് ഒഹായോ ഗവര്‍ണര്‍

 
OHAYOOO


ഒഹായോ (യുഎസ്എ): വധശിക്ഷയ്‌ക്കെതിരെയുള്ള കത്തോലിക്ക സഭയുടെ നിലപാട് ആവര്‍ത്തിച്ച് ഒഹായോ ഗവര്‍ണര്‍ മൈക്ക് ഡിവൈന്‍. ഒഹായോ സംസ്ഥാനത്ത് വധശിക്ഷ നിര്‍ത്തലാക്കുമെന്ന് കരുതുകയാണെന്ന് കത്തോലിക്ക വിശ്വാസിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം കൂടിയായ ഗവര്‍ണര്‍ മൈക്ക് ഇന്നലെ ജൂണ്‍ 16-ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. നിയമനിര്‍മ്മാണ സഭയ്ക്ക് ഈ നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും അവര്‍ ഈ നടപടി സ്വീകരിക്കണമെന്ന് വിശ്വസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നിയമസഭ ആ തീരുമാനം എടുക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അവര്‍ക്ക് അത് ഒഹായോ സംസ്ഥാനത്തെ ജനങ്ങളുടെ വോട്ടിന് വിടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1980-ല്‍ സംസ്ഥാന സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൈക്ക് ഡിവൈന്‍ അക്കാലത്ത് ഒഹായോയില്‍ വധശിക്ഷ പുനഃസ്ഥാപിക്കുന്നതിനുള്ള ബില്ലിനെ പിന്തുണച്ച വ്യക്തിയാണ്. അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുമെന്ന് വിശ്വസിച്ചുകൊണ്ട് ആ സമയത്ത് നയത്തെ പിന്തുണച്ചിരുന്നുവെന്നും എന്നാല്‍, വധശിക്ഷയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് എനിക്ക് ഉണ്ടായിരുന്ന ധാര്‍മ്മിക ന്യായീകരണം ഇപ്പോഴില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.


ഗവര്‍ണറുടെ നിലപാടിനെ കത്തോലിക്ക സംഘടനകള്‍ സ്വാഗതം ചെയ്തു. ഒഹായോയില്‍ വധശിക്ഷ നിര്‍ത്തലാക്കാനുള്ള ആഹ്വാനം പ്രോത്സാഹജനകമായ ഒരു സൂചനയാണെന്നും സംസ്ഥാനത്തിന് കൂടുതല്‍ നീതിയുക്തവും ജീവനെ ഉറപ്പിക്കുന്നതുമായ ഒരു സമീപനത്തിലേക്ക് നീങ്ങാന്‍ കഴിയുമെന്ന തിരിച്ചറിവ് പ്രതീക്ഷ പകരുന്നുവെന്നും കാത്തലിക് മൊബിലൈസിംഗ് നെറ്റ്വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്രിസാന്‍ വൈലന്‍കോര്‍ട്ട് മര്‍ഫി ഇഡബ്ല്യുടിഎന്‍ ന്യൂസിനോട് പറഞ്ഞു.

കത്തോലിക്ക സഭയുടെ നിലപാട്..! 

ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു കത്തോലിക്കാസഭ 2018-ല്‍ പ്രഖ്യാപിച്ചിരിന്നു. ചില സാഹചര്യങ്ങളില്‍ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു. 2267-ാം മതബോധനത്തിലാണ് അന്നു മാറ്റംവരുത്തിയത്. കുറ്റവാളിയുടെ അനന്യതയും ഉത്തരവാദിത്വവും പൂര്‍ണ്ണമായും നിര്‍ണയിച്ചു കഴിഞ്ഞാല്‍ മനുഷ്യജീവിതങ്ങളെ അന്യായ അക്രമിയില്‍ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗമാണ് അതെങ്കില്‍ വധശിക്ഷ നടപ്പിലാക്കുന്നത് സഭയുടെ പരമ്പരാഗത പഠനം തടയുന്നില്ലായെന്നാണ് സിസിസി 2267ചൂണ്ടിക്കാട്ടിയിരിന്നത്.

ഇതിന് പകരമായാണ് വധശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലായെന്ന് എഴുതിചേര്‍ത്തത്. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് തിരുത്തിയ പ്രബോധനത്തില്‍ വ്യക്തമാക്കിയിരിന്നു. ലോകവ്യാപകമായി വധശിക്ഷ ഇല്ലാതാക്കാന്‍ സഭ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രബോധനത്തില്‍ അന്നു ചേര്‍ത്തു.

Tags

Share this story

From Around the Web