ഒഡീഷയില്‍ മെഡിക്കല്‍ പിജി പരീക്ഷയില്‍ ക്രമക്കേട്: ചോദ്യപേപ്പര്‍ സാമൂഹിക മാധ്യമങ്ങളില്‍. അന്വേഷണം.ഒരു വിദ്യാര്‍ഥി രൂപീകരിച്ച ഗ്രൂപ്പില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ പ്രചരിച്ചതെന്നാണ് വിവരം
ഭുവനേശ്വര്‍: ഒഡീഷയില്‍ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷാസമയത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
ജൂലായ് 27-ന് നടന്ന എം.എസ്/എം.ഡി 2023-26 ബാച്ചിന്റെ ജനറല്‍ സര്‍ജറി രണ്ടാം പേപ്പറിന്റെ ചിത്രങ്ങളാണ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പരീക്ഷാ സമയത്ത് പ്രചരിച്ചത്.
ചോദ്യപേപ്പറിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനൊപ്പം ചില ഫോണ്‍ നമ്പറുകളില്‍ നിന്ന് ഉത്തരങ്ങളും പരീക്ഷാ സമയത്ത് കൈമാറ്റം ചെയ്യപ്പെട്ടതായാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അധികൃതര്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ ലഭിച്ചതായി ഭുവനേശ്വറിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥി അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ബെര്‍ഹാംപുര്‍ എം.കെ.സി.ജി മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ഥി രൂപീകരിച്ച ഗ്രൂപ്പില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ പ്രചരിച്ചതെന്നാണ് വിവരം.
ഇതേത്തുടര്‍ന്ന് ഒഡീഷ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ അടിയന്തര യോഗം വിളിക്കുകയും വരാനിരിക്കുന്ന പരീക്ഷകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയല്ല നടന്നതെന്ന് എം.കെ.സി.ജി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഹരേകൃഷ്ണ ദലായ് പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പരീക്ഷ തുടങ്ങുന്നതിന് മുന്‍പ് ചോദ്യപേപ്പര്‍ പുറത്തുവന്നാല്‍ മാത്രമേ അതിനെ 'ചോര്‍ച്ച' എന്ന് വിളിക്കാനാകൂ എന്നും ഇവിടെ പരീക്ഷാ ഹാളിനുള്ളില്‍ നിന്നാണ് ചോദ്യപേപ്പര്‍ പകര്‍ത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ ഹാളിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചിട്ടും കര്‍ശനമായ പരിശോധനകള്‍ നടത്തിയിട്ടും ഇത്തരമൊരു സംഭവം ഉണ്ടായതില്‍ വിമര്‍ശനം ശക്തമാണ്.
2023-26 ബാച്ചിന്റെ തിയറി പരീക്ഷകള്‍ ജൂലായ് 21-നാണ് ആരംഭിച്ചത്.
എം.കെ.സി.ജി മെഡിക്കല്‍ കോളേജില്‍ മാത്രം 154 വിദ്യാര്‍ഥികളാണ് ഈ പരീക്ഷ എഴുതുന്നത്. ഓഗസ്റ്റ് 1, ഓഗസ്റ്റ് 5 തീയതികളില്‍ പരീക്ഷകള്‍ നടക്കാനുണ്ട്.
ഈ പരീക്ഷകള്‍ കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താനാണ് അധികൃതരുടെ തീരുമാനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍വ്വകലാശാല അധികൃതര്‍.