അശ്ലീല പ്രചാരണം, യൂട്യൂബർ തൊപ്പിയുടെ ചാനൽ പൂട്ടി, നടപടി പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ വിവാദ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. കേസിൽ പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാലിന്റെ യൂട്യൂബ് ചാനൽ അധികൃതർ നീക്കം ചെയ്തു. ആലുവ റൂറൽ സൈബർ പൊലീസാണ് നിഹാലിനെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നത്.
നിഹാലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിർത്തു. ഗുരുതരമായ സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്ന് കാട്ടി എറണാകുളം സെഷൻസ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, ലൈംഗിക ചൂഷണം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് നിഹാലിനും കൂട്ടർക്കുമെതിരെ ഉയർന്നിട്ടുള്ളത്. കൂടാതെ പോക്സോ വകുപ്പുകൾ പ്രകാരമുള്ള ആരോപണങ്ങളും നിഹാലിനെതിരെയുണ്ട്.
നിഹാലിന്റെ 'എംആർസെഡ് ഗ്യാങ്' അംഗങ്ങളായിരുന്ന മുഹമ്മദും ഷമീറും നിഹാലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് കേസിനെ കൂടുതൽ സങ്കീർണ്ണമാക്കി. നിഹാൽ എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നും പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു. ഇവർ പുറത്തുവിട്ട വീഡിയോയിൽ നിഹാലിന്റെ മുറിയിൽ നിന്നും കഞ്ചാവ് കണ്ടെത്തുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ലൈംഗിക ചൂഷണങ്ങൾ പണം നൽകി ഒതുക്കാൻ ശ്രമിച്ചതായും സുഹൃത്തുക്കൾ ആരോപിക്കുന്നു.
അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ ഡിജിപി രാവു ലദ ചന്ദ്രശേഖർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ഈ കേസന്വേഷണം പുരോഗമിക്കുന്നത്. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന നിഹാലിന്റെ ചാനൽ പൂട്ടുമ്പോൾ, സൈബർ ഇടങ്ങളിലെ ഇത്തരം അശ്ലീല പ്രവണതകൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.